മാലിന്യസംസ്കരണം കുറ്റമറ്റതാക്കണമെന്ന് ആവശ്യം
1513578
Thursday, February 13, 2025 12:03 AM IST
പാലാ: പാലാ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വേനല്‍ക്കാല രോഗങ്ങള്‍ വ്യാപകമാകുന്നു. വേനല്‍ കടുത്തതോടെ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങളാണ് പടരുന്നത്. വേനല്‍ക്കാല രോഗങ്ങള്‍ ബാധിച്ച് നിരവധി ആളുകളെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മലിന ജലമാണ് പ്രധാന വില്ലനെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ശുചിത്വ കാര്യങ്ങളിലും കുടിവെള്ളത്തിന്റെ കാര്യത്തിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഓര്‍മപ്പെടുത്തുന്നു. കിണറുകളില്‍ ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള നടപടികളുമായി ആരോഗ്യപ്രവര്‍ത്തകര്‍ മുന്നോട്ടുപോവുകയാണ്. ചില ഹോട്ടലുകളും തട്ടുകടകളും വ്യാപാരസ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര പ്രാധാന്യം കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍നിന്നു നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിച്ച് പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നുവെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യില്ലെന്നു സത്യവാങ്മൂലം വാങ്ങിയാണ് ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കുന്നത്. ഇവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ആവശ്യമുയര്‍ന്നു. പൊതുനിരത്തുകളിലും ജലസ്രോതസുകളിലും മാലിന്യക്കെട്ടുകള്‍ വലിച്ചെറിയുന്ന പ്രവണതയ്ക്ക് യാതൊരു കുറവുമില്ല. അധികൃതര്‍ ഇവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.