കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണം : ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്ഥലം കൈമാറും
1508385
Saturday, January 25, 2025 7:01 AM IST
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണം തുടങ്ങുന്നതിന് മുന്നോടിയായി ജോബ് മൈക്കിള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി. നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സ്ഥലം കൈമാറേണ്ടതിന്റെ ഭാഗമായാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
6.23 കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി നല്‍കിയിരിക്കുന്നത്. നിര്‍മാണത്തിനായി ഉടനെ സ്റ്റാന്‍ഡ് അടയ്ക്കാനാണ് തീരുമാനം.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, മുന്‍സിപ്പല്‍ വൈസ്ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, പിഡബ്ല്യുഡി ബില്‍ഡിംഗ് ഉന്നത ഉദ്യോഗസ്ഥന്മാര്, കെഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥന്മാര്, പോലീസ് ഉദ്യോഗസ്ഥന്മാര്, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഉദ്യോഗസ്ഥന്മാര്, മുനിസിപ്പല്‍ അധികാരികള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ബസുകള്‍ പെരുന്ന നന്പർ 2 ബസ്സ്റ്റാൻഡില്‍നിന്ന്
ടെര്‍മിനല്‍ നിര്‍മാണം നടക്കുമ്പോള്‍ തിരുവനന്തപുരം ഭാഗത്തുനിന്നും എത്തുന്ന ബസുകള്‍ പെരുന്ന ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് അനു-അഭിനയ തിയറ്ററിനു മുന്നിലും നിര്‍മാണം നടക്കുന്ന ബസ് സ്റ്റാന്‍ഡിനു മുന്‍പിലും നിര്‍ത്തും. കോട്ടയം ഭാഗത്തുനിന്നു വരുന്ന ബസുകള്‍ നഗരസഭയുടെ മുന്പില് ടാക്സി സ്റ്റാന്‍ഡിനോട് ചേര്‍ന്നാകും നിര്‍ത്തുക.
നിര്‍മാണം നടക്കുന്ന സമയത്തു കെഎസ് ആര്‍ടിസി ബസുകളുടെ ഓപ്പറേഷന് പൂര്‍ണമായും പെരുന്ന നമ്പര്‍ 2 ബസ്സ്റ്റാൻഡില്‍ നിന്നുമായിരിക്കും നിയന്ത്രിക്കുക. രാത്രികാലങ്ങളില്‍ മുനിസിപ്പല്‍ പാര്‍ക്കിനോടു ചേര്‍ന്നുള്ള നഗരസഭയുടെ സ്ഥലത്തും ബൈപാസിലും ബസുകള്‍ പാര്‍ക്ക് ചെയ്യും.