ഓടയ്ക്കു മുകളിലെ സ്ലാബുകൾ തകർന്നു; ‘നടപ്പാതക്കെണി’
1508376
Saturday, January 25, 2025 6:51 AM IST
കടുത്തുരുത്തി: നടപ്പാതകളിലൂടെ പോകുമ്പോള്‍ ശ്രദ്ധിക്കണം....പലയിടത്തും സ്ലാബുകള്‍ തകര്‍ന്നു കിടക്കുവാണേ... റോഡരികിലെ ഓടയുടെ മുകളിലിട്ടിരിക്കുന്ന സ്ലാബുകളാണ് നാട്ടിലെ നടപ്പാത. ഈ നടപ്പാതകളില്‍ പലതിന്റെയും സ്ലാബുകള്‍ പൊട്ടിയും തകര്‍ന്നും കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതുമൂലം ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത് കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരാണ്.
സ്ലാബുകളില്ലാത്ത ഭാഗത്തെ വിടവില്‍ അകപ്പെട്ട് കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും അപകടത്തില്‍പ്പെടുന്നതും പതിവ് കാഴ്ച്ചയാണ്. പെരുവ ടൗണില്‍ കടുത്തുരുത്തിയിലേക്ക് ബസ് കാത്തുനില്‍ക്കുന്നതിന് സമീപം ഓടയുടെ സ്ലാബ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നടന്നു പോകുന്നതിനിടെ കാല് അകത്ത് വീണാല്‍ വട്ടം ഒടിഞ്ഞു പോകുന്ന സ്ഥിതിയാണെന്ന് പൊതുപ്രവര്‍ത്തകനായ ടി.എം. സദന് പറഞ്ഞു.
പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സമീപത്തെ വ്യാപാര സ്ഥാപനത്തിലുള്ളവര്‍ പലകയുടെ കഷ്ണം നിരത്തിയിട്ടാണ് താത്കാലികമായി ഓട മൂടിയിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പലപ്പോഴും നടപ്പാതകള്‍ തകര്‍ന്നു കിടക്കുന്നത് കണ്ടാലും വേണ്ടരീതിയില്‍ അറ്റകുറ്റപ്പണി നടത്തി കാല്‍നടയാത്ര സുഗമമാക്കാന്‍ ഇടപെടാറില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.
കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിന് മുന്‍വശമുള്ള നടപ്പാതയുടെ മുകളിലെ സ്ലാബ് തകര്‍ന്നു കിടക്കുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുകയാണ്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകിക്കിടക്കുകയാണ്. ഇത് കാല്‍നടയാത്രക്കാര്‍ക്കും ബസുകള്‍ക്കും സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
മാഞ്ഞൂര്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലേക്കും കുറുപ്പന്തറ പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടത്തിലും ഓടയുടെ സ്ലാബുകള്‍ ഇളകി കിടക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിനോട് ചേര്‍ന്നുള്ള നടപ്പാതയുടെ അവസ്ഥ മിക്കയിടത്തും ഇതുതന്നെയാണ്. ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ പലയിടത്തും നടപ്പാത തകര്‍ന്നു കിടക്കുകയാണ്. ചിലയിടങ്ങളില്‍ പുല്ലും പടര്‍പ്പും കയറി നടപ്പാത ഉപയോഗിക്കാനാകാതെ കിടക്കുന്ന അവസ്ഥയുമുണ്ട്.
ഓടയുടെയും നടപ്പാതയുടെയും നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി സര്‍ക്കാരിലേക്ക് പ്രൊജക്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും അനുമതി കിട്ടന് വൈകുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നതെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം.