സെപ്റ്റിക് മാലിന്യങ്ങൾ സംസ്കരണം: കുമരകത്തെ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് ഏറ്റുമാനൂർ നഗരസഭ ഏറ്റെടുത്തു പ്രവർത്തിപ്പിക്കും
1485423
Sunday, December 8, 2024 7:17 AM IST
ഏറ്റുമാനൂർ: ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കംഫർട്ട് സ്റ്റേഷന്റെ സെപ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് കുമരകം പഞ്ചായത്തിന്റെ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് ഏറ്റുമാനൂർ നഗരസഭ ഏറ്റെടുത്തു പ്രവർത്തിപ്പിക്കും. മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.
മണ്ഡലകാലം അവസാനിക്കുന്ന 2025 ജനുവരി 30 വരെ യൂണിറ്റ് പ്രവർത്തിക്കും. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പടികര യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീന ഷാജി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.എസ്. വിശ്വനാഥൻ, വിജി ജോർജ് ചാവറ, ഡോ. എസ്. ബീന, രശ്മി ശ്യാം, സിന്ധു കറുത്തേടത്ത്, തങ്കച്ചൻ കോണിക്കൽ, സുരേഷ് വടക്കേടം, പി.എസ്. വിനോദ്, സെക്രട്ടറി ജി. ബിനുജി, ദേവസ്വം ബോർഡ് പ്രതിനിധികൾ, യൂണിറ്റിന്റെ പ്രവർത്തകരായ ഭൗമ ഏജൻസി പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഈ കാലയളവിൽ നഗരസഭയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലും പൊതുജനങ്ങളുടെ ആവശ്യപ്രകാരം യൂസർഫീ ഈടാക്കിക്കൊണ്ട് സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും പ്രവർത്തിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ഇതിനായുള്ള ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: 8943198777, 0481-2535565.