പ്രസിഡന്റിനെതിരേ അയോഗ്യതാ നടപടികൾ തുടങ്ങി
1484334
Wednesday, December 4, 2024 5:41 AM IST
എരുമേലി: കോൺഗ്രസ് അംഗമായിരിക്കേ പാർട്ടി വിപ്പ് ലംഘിക്കുകയും ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റാവുകയും ചെയ്ത എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിക്കെതിരേ കോൺഗ്രസ് നേതൃത്വം നൽകിയ പരാതിയിൽ നടപടികൾ തുടങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഹർജി നൽകിയ കോൺഗ്രസ് അംഗം മാത്യു ജോസഫിനാണ് ഇത് സംബന്ധിച്ച് കമ്മീഷൻ അറിയിപ്പ് നോട്ടീസ് നൽകിയത്. മറിയാമ്മ സണ്ണിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയത്.
വിപ്പ് ലംഘിച്ചതിന്റെ തെളിവുകൾ ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. ഹർജിയിൽ ഉടനെ വിചാരണ തുടങ്ങുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.