കാനനപാത ഇന്ന് തുറന്നേക്കും; ഉത്തരവ് കാത്ത് വനപാലകർ
1484333
Wednesday, December 4, 2024 5:41 AM IST
എരുമേലി: ഹൈക്കോടതി നിർദേശത്തെത്തുടർന്ന് അടച്ച എരുമേലി വഴിയുള്ള ശബരിമല പരമ്പരാഗത കാനനപാത ഇന്നു തുറക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ തീർഥാടകരും വനപാലകരും വ്യാപാരികളും.
ശക്തമായ മഴയെത്തുടർന്ന് അപകടസാധ്യത മുൻനിർത്തി ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് പാത അടച്ചത്. ഇതറിയാതെ നിരവധി അയ്യപ്പഭക്തർ എത്തിയിരുന്നു. ഇവരെ കാളകെട്ടിയിൽ ഒരുമിച്ചു ചേർത്ത് 11 കെഎസ്ആർടിസി ബസുകളിലായി പമ്പയിലേക്ക് വിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് പാത പൂർണമായും അടച്ചിട്ടത്.
കാനനപാതയിൽ ഭക്തർ എത്താതിരിക്കാൻ എരുമേലിയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. പാതയിലേക്കുള്ള എരുമേലി ചരള റോഡിൽ എത്തുന്ന ഭക്തരെ പോലീസ് തടഞ്ഞ് തിരിച്ചുവിടുകയാണ്. കോയിക്കക്കാവ് മുതൽ പമ്പ വരെ 250 ഓളം താത്കാലിക കടകളാണ് കാനനപാതയിൽ പ്രവർത്തിക്കുന്നത്.
ഭക്തരുടെ യാത്ര വിലക്കിയതോടെ കടകളിൽ കച്ചവടം നിലച്ചിരിക്കുകയാണ്. ഇതുമൂലം വ്യാപാരികൾ നഷ്ടം നേരിടുകയാണ്. ഇന്നലെ മഴ ശമിച്ചത് പാത തുറക്കുന്നതിന് അനുകൂല സാധ്യത സൃഷ്ടിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കളക്ടർമാർ ഹൈക്കോടതിയിൽ നൽകുന്ന തത്സ്ഥിതി റിപ്പോർട്ടുകളെ ആശ്രയിച്ചിരിക്കും കാനനപാത തുറക്കുന്നത് സംബന്ധിച്ച തീരുമാനം.