കനത്ത മഴ; റോഡുകളും പാടങ്ങളും വെള്ളത്തില്‍
1484128
Tuesday, December 3, 2024 7:20 AM IST
കോട്ടയം: രണ്ടു ദിവസമായി പെയ്ത കനത്തമഴയില്‍ കോട്ടയം താലൂക്കിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകളില്‍ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. കല്ലും മണ്ണും മരത്തടികളും ചെറുകമ്പുകളും റോഡില്‍ നിറഞ്ഞിരിക്കുകയാണ്.
കെകെ റോഡില്‍ പാമ്പാടി കാളച്ചന്ത ഭാഗത്തും കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കല്ലിട്ടുനടയിലും കോട്ടയം-കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാടും വെള്ളം കയറി. ഏറ്റുമാനൂര്‍ പേരൂര്‍ കവല മുതല്‍ ബൈപാസ് ജംഗ്ഷന്‍വരെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മീനടം-പാമ്പാടി റോഡിലും വലിയ വെള്ളക്കെട്ടാണുണ്ടായത്.
പടിഞ്ഞാറന്‍ മേഖലയില്‍ നെല്‍ക്കൃഷിക്ക് വ്യാപകനാശമുണ്ടായി. കൊയ്ത്ത് പൂര്‍ത്തിയാകാത്ത പാടങ്ങളില്‍ നെല്ലു വെള്ളത്തിലായി. പലയിടത്തും മടവീഴ്ചയുമുണ്ടായി.
മറ്റക്കര വീണ്ടും മുങ്ങി
മറ്റക്കര: മഴയില്‍ മറ്റക്കര വീണ്ടും മുങ്ങി. ഈ വര്‍ഷം മൂന്നാം തവണയാണ് മറ്റക്കരയില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഞായറാഴ്ച രാത്രിയില്‍ ഉണ്ടായത്. പന്നഗം തോട് നിറഞ്ഞാണ് മറ്റക്കര മുങ്ങിയത്. തോടിന്റെ ഗതിയാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.
പടിഞ്ഞാറെ പാലം, ചുവന്നപ്ലാവ്, തച്ചിലങ്ങാട്, നെല്ലിക്കുന്ന്, വാഴപ്പള്ളി ഭാഗങ്ങള്‍ വെള്ളത്തിലായി. തോട്ടിലെ തടയണകളുടെ അശാസ്ത്രീയത പരിഹരിക്കണമെന്നു പരാതി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തുടര്‍ച്ചയായി പ്രളങ്ങള് ഉണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് ഖേദകരമാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. നിരവധി അശാസ്ത്രീയ തടയണകളാണ് മറ്റക്കര ഭാഗത്ത് പന്നഗം തോട്ടില്‍ പണിതിരിക്കുന്നത്. ഇവയെല്ലാം ഒഴുക്കിനെ വളരെയധികം തടസപ്പെടുത്തുന്നു.
മണല്‍ - പാദുവ റോഡിലെ പടിഞ്ഞാറെ പാലത്തിന്റെ അവസ്ഥയും പ്രളയത്തിനു കാരണമാകുന്നു. തോടിന്റെ ആഴക്കുറവ് പരിഹരിക്കുന്നതിനും മണ്ണും ചെളിയും അടിഞ്ഞതു വാരി മാറ്റുന്നതിനും ഇതുവരെ നടപടിയില്ല. രാത്രികളില്‍ മിന്നല്‍ പ്രളയത്തില്‍ പ്രദേശത്തെ നിരവധിപ്പേരുടെ കൃഷി നശിച്ചിട്ടുണ്ട്.
കിടങ്ങൂര്‍: കനത്ത മഴയെ തുടര്‍ന്ന് മണര്‍കാട്-കിടങ്ങൂര്‍ റോഡിലെ കല്ലിട്ടുനയിലും പോളയ്ക്കല്‍ പടി ഭാഗങ്ങളിലും കൊങ്ങാണ്ടൂരും വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപപ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തിയതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു വളരെയധികം യാത്രാ പ്രാധാന്യമുള്ള അയര്‍ക്കുന്നം-കിടങ്ങൂര്‍ റോഡില്‍ കല്ലിട്ടുനടയില്‍ ചെറുവാഹനങ്ങൾ കടന്നുപോകാന്‍ സാധിക്കാതെ ഗതാഗതം തടസപ്പെട്ടു. വെള്ളം ഒഴുകിപ്പോകുന്നതിന് ഓടകള്‍ നിര്‍മിക്കണമെന്നും റോഡിന്റെ ഉയരം വര്‍ധിപ്പിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
മീനടം: മീനടം പഞ്ചായത്തിലെ ഞണ്ടുകുളം, പുത്തന്‍പുരപ്പടി ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. ശനിയാഴ്ച രാത്രി മുതല്‍ പ്രദേശത്ത് വലിയ വെള്ളക്കെട്ടാണുള്ളത്. റോഡിലുടെയുള്ള ഗതാഗതത്തിനും താല്കാലിക നിയന്ത്രണമുണ്ട്. പുലര്‍ച്ചെ ഒരു കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. തുടര്‍ന്ന് കെട്ടിവലിച്ചാണ് കാര്‍ നീക്കിയത്. വെട്ടത്തുകവല-മീനടം റോഡിലെ ഞണ്ടുകുളം ഭാഗത്തും വെള്ളം കയറി. സമീപത്തെ കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടായി. മീനടം മാളികപ്പടിയില്‍ സ്ഥിതി ചെയ്യുന്ന മീനടം പഞ്ചായത്ത്, വില്ലേജ് ഓഫിസ് കെട്ടിടത്തിനു സമീപവും വെളളം കയറി.
കുറ്റിക്കല്‍ തോട്ടയ്ക്കാട് റോഡിലും വെള്ളക്കെട്ടുണ്ട്. റോഡിന് സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സൗത്ത് പാമ്പാടിയില്‍ വെള്ളപ്പൊക്കത്തില്‍ കുന്നേല്‍പാലം അറയ്ക്കല്‍ വടക്കേതില്‍ സജീവ് ചെല്ലപ്പന്റെ കപ്പ കൃഷിയും നശിച്ചു.
പുതുപ്പള്ളി: ശക്തമായ മഴയിൽ പുതുപ്പള്ളി പള്ളി റോഡില്‍ വെള്ളം കയറി. സമീപത്തെ പാടശേഖരങ്ങളില്‍നിന്നും കൈത്തോടുകളില്‍നിന്നും വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. വാകത്താനം പഞ്ചായത്തില്‍ ആരംഭിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ സന്ദര്‍ശിച്ചു. വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്ജന് ഡോ. ഐറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും നടത്തി.
തോട്ടയ്ക്കാട് വെള്ളം കയറി
തോട്ടയ്ക്കാട്: ശക്തമായ മഴയില്‍ തോട്ടയ്ക്കാട് കവലയിലും വെള്ളം കയറി. കോട്ടയം-കറുകച്ചാല്‍ റോഡിലും തോട്ടയ്ക്കാട് -പെരുമ്പനച്ചി റോഡിലും മുട്ടറ്റം പൊക്കത്തിലാണ് വെള്ളമുയര്‍ന്നത്. കവലയ്ക്കു സമീപത്തെ തോട് കരകവിഞ്ഞതോടെയാണ് റോഡിലേക്കും സമീപത്തുള്ള വീടുകളിലും പറമ്പുകളിലും വെള്ളം കയറിയത്. ചെമ്പിത്താനം പാലം മുതല്‍ തോട്ടയ്ക്കാട് കവല വരെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഞായറാഴ്ച രാത്രി ഇതുവഴിയെത്തിയ നിരവധി വാഹനങ്ങള്‍ വെള്ളത്തിലകപ്പെട്ടു. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ മറ്റു വഴികളിലൂടെയാണ് യാത്ര തുടര്‍ന്നത്.
വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണം
അയർക്കുന്നം: അയർക്കുന്നം തിരുവഞ്ചൂർ റൂട്ടിൽ താന്നിക്കപ്പടി ജംഗ്ഷനിൽ കലുങ്ക് അടഞ്ഞതുമൂലം റോഡിലുണ്ടായ വെള്ളക്കെട്ട് യാത്ര ദുഃസഹമാക്കുന്നു. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
നെല്ല് നാശത്തിന്റെ വക്കില്‍
കോട്ടയം: കനത്ത മഴയെത്തുടര്‍ന്നു കൊയ്യാറായ നെല്ലു നാശത്തിന്റെ വക്കില്‍. അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ കിഴക്കേ മണിയാംപറമ്പ്, മേനോന്‍കരി, വിരിപ്പുകാലാ തുടങ്ങിയ പാടങ്ങളിലെ നെല്ലാണ് വെള്ളം കയറി നശിക്കുന്നത്. കനത്ത മഴയത്തു വൈദ്യുതിമുടക്കം പതിവാണ്. ഇതേത്തുടര്‍ന്നു പാടത്തു കെട്ടിനില്‍ക്കുന്ന വെള്ളം പമ്പ് ചെയ്തു കളയാന്‍ സാധിക്കുന്നില്ല. എത്രയും വേഗം പ്രദേശത്തെ വൈദ്യുത തകരാര്‍ പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.