കർഷകസ്വപ്നങ്ങൾ മഴയിൽ കുതിർന്നു; നെൽച്ചെടികൾ വീണടിഞ്ഞു നശിക്കുന്നു
1484127
Tuesday, December 3, 2024 7:20 AM IST
കുമരകം: കുട്ടനാട്ടിലെ വിരിപ്പുകൃഷിയിറക്കിയ ഭൂരിപക്ഷം കൃഷിക്കാരും തങ്ങളുടെ അധ്വാനഫലം കൊയ്തെടുക്കാനാകാതെ ദുരിതത്തിലായി. മൂന്നു ദിവസമായി തുള്ളിതോരാതെ പെയ്യുന്ന മഴയിൽ കൊയ്തെടുക്കാൻ പാകമായ നെല്ല് വീണടിഞ്ഞു നശിക്കുന്ന സ്ഥിതിയിലായി.
നെൽച്ചെടികൾ വിളഞ്ഞു പാകമായ കതിരുകളുമായി പാടത്തെ ചേറിൽ വീണാൽ കിളിർത്തു നശിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം മതി. ശക്തമായി ചെയ്യുന്ന മഴയെത്തുടർന്ന് നെല്ല് വീണു കിടക്കുന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിച്ചാലും വെള്ളം ഒഴുകി ചാലുകളിലേക്കു പോകുകയില്ല. വെെദ്യുതിമുടക്കംകൂടി തുടരുന്ന സാഹചര്യം കർഷകന്റെ അവസാന പ്രതീക്ഷയും തകർക്കുകയാണ്. വീണടിഞ്ഞു കിടക്കുന്ന കതിരുകൾ മൂന്നാം ദിനം കിളിർക്കുകയും ചീഞ്ഞു നശിക്കുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു.
ചെളി നിറഞ്ഞ പാടത്ത് കാെയ്ത്ത് യന്ത്രം ഇറക്കി കൊയ്യാനാകില്ല . യന്ത്രം താഴ്ന്നുപോകും. നനഞ്ഞു കിടക്കുന്ന നെല്ല് കൊയ്തെടുത്താലും കർഷകൾക്ക് ഗുണം ചെയ്യില്ല. ഉണങ്ങിയെടുക്കാൻ കഴിയാത്തതിനാൽ കൊയ്തു കൂട്ടിയാലും നെല്ല് ആവിയടിച്ചു നശിക്കും. കുമരകത്ത് ഇടവട്ടം, കൊല്ലകരി, പടിഞ്ഞാറ്റു കാട് തുടങ്ങി ധാരാളം പാടങ്ങളിൽ നെല്ലുവിളഞ്ഞു കിടക്കുകയാണ്. കാെയ്ത്ത് യന്ത്രങ്ങളും ഏർപ്പാടാക്കി മഴ മാറി വെയിലെത്തുന്നതും കാത്തിരിക്കുകയാണ് കർഷകർ. ഇനിയും കൂടുതൽ ദിവസങ്ങളിൽ മഴ തുടർന്നാൽ നെല്ല് ഉപേക്ഷിക്കേണ്ടിവരുന്ന ദുരവസ്ഥയിലാണ് കർഷകർ.