ഏറ്റുമാനൂർ ടൗണിൽ വൻ വെള്ളക്കെട്ട്
1484126
Tuesday, December 3, 2024 7:20 AM IST
ഏറ്റുമാനൂർ: കനത്ത മഴയിൽ ഏറ്റുമാനൂർ ടൗണിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. മണിക്കൂറുകളോളം വാഹനഗതാഗതത്തിന് തടസമുണ്ടായി. നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ ഓടയിലെ തടസങ്ങൾ നീക്കിയതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്.
ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ പേരൂർ കവലയ്ക്കും പാറകണ്ടം ബൈപാസ് ജംഗ്ഷനും ഇടയിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഞായറാഴ്ച രാത്രി മുഴുവൻ പെയ്ത മഴയിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ട് ഇന്നലെ രാവിലെയും നിലനിന്നതോടെ വാഹന ഗതാഗതത്തെയും കാൽനട യാത്രയെയും ബാധിച്ചു. ഇവിടെ വാഹനങ്ങൾ വേഗത കുറച്ച് പോകേണ്ടി വന്നതോടെ പേരൂർ കവലയിലും ടൗണിലുമെല്ലാം ഗതാഗതക്കുരുക്ക് ഉണ്ടായി.
ഓടയിലെ തടസങ്ങളാണ് ഓട കവിഞ്ഞ് വെള്ളം റോഡിൽ പരക്കാൻ ഇടയാക്കിയത്. നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെത്തി ഓടയിലെ തടസങ്ങൾ നീക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ് ഓട അടഞ്ഞനിലയിലായിരുന്നു. പലയിടത്തും ഓടയുടെ ഇരുവശങ്ങളിലെയും കൽക്കെട്ട് ഇടിഞ്ഞ് ഓടയിൽ വീണും ഓടയുടെ സ്ലാബുകൾ ഓടയ്ക്കുള്ളിലേക്കു വീണും ഓട അടഞ്ഞിരുന്നു. തൊഴിലാളികൾ ഈ തടസങ്ങൾ നീക്കം ചെയ്തതോടെ റോഡിലെ വെള്ളക്കെട്ട് ഒഴിവായി.
* നേരത്തേ ചെയ്തിരുന്നെങ്കിലെന്ന് ജനം
അടഞ്ഞ ഓട ഇന്നലെ രാവിലെ ഏതാനും മണിക്കൂറുകൾക്കൊണ്ട് നഗരസഭയുടെ തൊഴിലാളികൾ വൃത്തിയാക്കി. ഇതോടെ ഓടയിലെ ഒഴുക്കു സുഗമമായി വെള്ളക്കെട്ട് ഒഴിവാകുകയും ചെയ്തു.
ഓട വൃത്തിയാക്കുന്ന പ്രവൃത്തി നഗരസഭ നേരത്തേ ചെയ്തിരുന്നെങ്കിൽ ജനത്തെ വലയ്ക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ലേയെന്നാണ് ജനം ചോദിക്കുന്നത്. ജനത്തെ പരമാവധി വലച്ച ശേഷം പരിഹാരം കാണുകയാണ് നഗരസഭ.
ഓടകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യാൻ തയാറാകാത്ത പൊതുമരാമത്ത് വകുപ്പും പ്രശ്നത്തിൽ തുല്യ പങ്കാളികളാണ്. ഓടയുടെ കൽക്കെട്ടുകൾ തകർന്നതും സ്ലാബുകൾ ഓടയിലേക്ക് വീണു കിടന്നതും അവർ അറിഞ്ഞില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടയിലേക്ക് തള്ളുന്നവരും കുറ്റക്കാരാണ്. നഗരസഭയും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.