വൈക്കം തോട്ടുവക്കത്ത് വാഹനാപകടവും സംഘർഷവും; മത്സ്യവില്പനക്കാരെ ഡിവൈഎഫ്ഐ ഒഴിപ്പിച്ചു
1467281
Thursday, November 7, 2024 7:29 AM IST
വൈക്കം: വൈക്കം തോട്ടുവക്കം ജംഗ്ഷനിൽ ഗതാഗതത്തിന് തടസമായി നടന്നുവന്ന മത്സ്യ കച്ചവടം നാട്ടുകാരും സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ഒഴിപ്പിച്ചു. ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ചെമ്മനത്തുകര സ്വദേശിയായ സ്കൂൾ വിദ്യാർഥി വാഹനമിടിച്ചുണ്ടായ അപകടത്തിൽ കാൽ ഒടിഞ്ഞു ചികിൽസയിലാണ്. അന്നു വൈകുന്നേരം തന്നെ ബൈക്ക് യാത്രികന് ബൈക്ക് മറിഞ്ഞുവീണ് പരിക്കേറ്റിരുന്നു.
ബുധനാഴ്ച വൈകുന്നേരം മത്സ്യവില്പനക്കാർ മത്സ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ചിരുന്നു. പോലീസ് എത്തി മത്സ്യവില്പനക്കാരെ ചിലരെ കസ്റ്റഡിയിലെടുത്താണ് സംഘർഷത്തിന് അയവുവരുത്തിയത്. വീതി കുറഞ്ഞ ജംഗ്ഷനിലെ മത്സ്യകച്ചവടവുമായി ബന്ധപ്പെട്ടു നിരന്തരം കലഹങ്ങൾ ഉണ്ടാകുന്നതും വാഹന അപകടങ്ങളും കണക്കിലെടുത്ത് നാട്ടുകാർ ഇന്നലെ ഉച്ച കഴിഞ്ഞ് എതിർപ്പുമായി രംഗത്തുവന്നതോടെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പിന്തുണയുമായി വന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും സ്ഥലത്ത് നില ഉറപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ മത്സ്യവില്പന നിരോധിച്ചതായി ബോർഡും സ്ഥാപിച്ചു.
വൈക്കത്തെ മറ്റു ജംഗ്ഷനുകളിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
വൈക്കത്തെ ലിങ്ക് റോഡ് ഇംഗ്ഷനടക്കമുള്ള നിരത്തുകളിൽ നഗരസഭ ഒഴിപ്പിച്ച അനധികൃത മത്സ്യ കച്ചവടം വീണ്ടും സജീവമായിട്ടുണ്ട്.
ഗതാഗത കുരുക്കിനും അപകടത്തിനുമിടയാക്കുന്ന കച്ചവടം ഒഴിപ്പിക്കാൻ സിപിഎം നേതൃത്വ ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.
മത്സ്യക്കുട്ടയിൽനിന്ന് കീടനാശിനി കണ്ടെടുത്തു
മത്സ്യം നീക്കുന്നതിനിടയിൽ മത്സ്യത്തിൽ തളിക്കാനായി സൂക്ഷിച്ച കീടനാശിനി പിടികൂടി. മത്സ്യത്തിൽ ഈച്ചയും ഉറുമ്പും കയറാതിരിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നാണെന്നാണ് വില്പനക്കാർ അവകാശപ്പെട്ടത്.