ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ സംഭവം: അനാഥമായി ശിവപ്രിയ വീട്
1467020
Wednesday, November 6, 2024 6:53 AM IST
മറവൻതുരുത്ത്: ലക്ഷങ്ങൾ മുടക്കി ഏറെ പണിപ്പെട്ട് നിർമിച്ച മറവൻതുരുത്തിലെ പുതിയ വീട്ടിലെ ഇനി താമസക്കാരില്ല. മറവൻതുരുത്ത് വളവോർമംഗലം ശിവപ്രിയയിൽ ഗീത (60), മകൾ ശിവപ്രിയ (35) എന്നിവർ കൊല ചെയ്യപ്പെട്ടതോടെയാണ് വീട് അനാഥമായത്.
ഗീതയുടെ മകൻ ഒന്നര വർഷം മുമ്പ് വല്ലകത്ത് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടിരുന്നു. പിന്നീട് ഭർത്താവുമായി അകന്നു കഴിയുന്ന ഗീതയ്ക്കൊപ്പം വിവാഹം കഴിച്ചയച്ച ഏകമകൾ കൂടി താമസത്തിനെത്തുകയായിരുന്നു.
മറവൻതുരുത്ത് ഇടവട്ടത്ത് വെള്ളം കയറുന്നിടത്ത് താമസിച്ചു വരികയായിരുന്നു ഗീത. വൈക്കം ബ്ലോക്ക് ഏതാനും നിർധന കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയിൽ ഇവരെയും ഉൾപ്പെടുത്തുകയായിരുന്നു.പിന്നീട് കെട്ടിട നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ വഴിയില്ലാത്തിടത്തേക്ക് ഏറെ പണവും അധ്വാനവും വിനിയോഗിച്ചാണിവർ വീട് നിർമിച്ചത്.
ആണുങ്ങൾ ഇല്ലാതായ കുടുംബത്തിന് ഭവനം നിർമ്മിക്കാൻ അന്ന് മുന്നിട്ടു നിന്ന മകളുടെ ഭർത്താവ് പിന്നീട് ഈ വീട്ടിൽ അവരെ കൊലപ്പെടുത്തുന്ന ദുർവിധിയിലേക്കുമെത്തി. ശിവപ്രിയയുടെ നാലു വയസുകാരി മകൾ ഇപ്പോൾ പിതാവ് നിധീഷിന്റെ മാതാവിനൊപ്പമാണ്.
ഗീതയുടേയും മകൾ ശിവപ്രിയയുടേയും മൃതദേഹങ്ങൾ ഈ വീട്ടുവളപ്പിൽ സംസ്കരിക്കാൻ ബന്ധുക്കൾ വിമുഖത കാട്ടിയതോടെ മുളന്തുരുത്തിയിലെ പൊതു ശ്മശാനത്തിലാണ് ഇന്ന് രാവിലെ സംസ്കാരം നടത്തുന്നത്.