വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീര്‍ഥാടന പദയാത്ര നടത്തി
1460869
Monday, October 14, 2024 3:35 AM IST
കുറവിലങ്ങാട്: മുത്തിയമ്മയുടെ തിരുസന്നിധിയിൽ നിന്ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസവിധത്തിലേക്ക് തീർഥാടന പദയാത്ര നടത്തി. 17 കിലോമീറ്ററോളം ദൂരം നടത്തിയ പദയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മുത്തിയമ്മക്കൊടിയും മുത്തുക്കുടകളും കൈകളിലേന്തി ജപമാല ചൊല്ലിയാണ് വിശ്വാസികൾ പദയാത്ര നടത്തിയത്.
സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, പദയാത്ര കമ്മിറ്റി ഭാരവാഹി ബാബു വി. ശങ്കുപുരി വെട്ടുകാട്ടിലിന് മുത്തിയമ്മക്കൊടി കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. കുറവിലങ്ങാട് മുത്തിയമ്മയുടെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും തിരുസ്വരൂപങ്ങൾ സംവഹിച്ച പ്രത്യേക വാഹനവും പദയാത്രയിൽ ഒരുക്കിയിരുന്നു.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടദേവാലയത്തിൽ പദയാത്ര സമാപിച്ചതോടെ വിശുദ്ധ കുർബാനയർപ്പണവും നടന്നു. ആർച്ച് പ്രീസ്റ്റ് റവ. ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ കാർമിത്വം വഹിച്ചു.
കടനാട്: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തില്‍ രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീര്‍ഥാടന പദയാത്ര നടത്തി. കടനാട് പള്ളിയങ്കണത്തില്‍ വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വല്യാത്ത്, പിഴക്, മുല്ലമറ്റം വഴിയായിരുന്നു പദയാത്ര.
കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ 10.30ന് രാമപുരം ഫൊറോന വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, കൈക്കാരന്മാര് എന്നിവര്‍ തീര്‍ഥാടക സംഘത്തിന് സ്വീകരണം നല്കി. തുടർന്ന് കടനാട് ഫൊറോന വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന്
രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഇന്നു രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍.10.30ന് നീറന്താനം സെന്റ് തോമസ് ഇടവകയില്‍നിന്നു തീര്‍ഥാടനം.11ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. ഇമ്മാനുവല്‍ കൊട്ടാരത്തില്‍.
2.30ന് ചക്കാമ്പുഴ ലൊരേത്ത് മാതാ ഇടവകയില്‍നിന്നു തീര്‍ഥാടനം. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, സന്ദശം, നൊവേന, ലദീഞ്ഞ് - മോണ്‍ ഏബ്രഹാം പുറയാറ്റ്.