ദേശീയ തപാൽദിനാചരണം
1460452
Friday, October 11, 2024 5:18 AM IST
പഴയിടം: സെന്റ് മൈക്കിള്‍സ് യുപി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ദേശീയ തപാല്‍ദിനം വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ ആചരിച്ചു. സ്കൂളിനു സമീപത്തെ പോസ്റ്റ്ഓഫീസില്‍ പോസ്റ്റ്മിസ്ട്രസ് ജൂലി കുറ്റിക്കാട്ടിലിനെ സന്ദര്‍ശിച്ച് തപാല്‍ എഴുത്തുകുത്തും ഇതര പ്രവര്‍ത്തനങ്ങളും കണ്ടും കേട്ടും മനസിലാക്കി. ഇന്‍ലന്‍ഡും കാര്‍ഡും സ്റ്റാന്പും പരിചയപ്പെട്ടു.
26 വര്‍ഷം തുടര്‍ച്ചയായി പ്രദേശത്തെ അഞ്ചു കിലോമീറ്റര്‍ പരിധിയിലെ 1500 വീടുകളില്‍ തപാല്‍ എത്തിച്ച മുന്‍ പോസ്റ്റ്മാന് ശശിധരന്‍നായരെ ആദരിച്ച് തപാല്‍ ജീവിതാനുഭവങ്ങള്‍ കുട്ടികള്‍ കേട്ടറിഞ്ഞു. വിദ്യാര്‍ഥി ആകാശ് പ്രകാശ് പഴയകാല അഞ്ചല്‍ ഓട്ടക്കാരന്റെ വേഷമണിഞ്ഞ് മണി കിലുക്കി ഓടിയെത്തി അധ്യാപകര്‍ക്കും അയല്‍വാസികള്‍ക്കും കത്തുകള്‍ കൊടുത്തതും വേറിട്ട അനുഭവമായി. പയസ് പൊട്ടംകുളം നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ഫിലിം ചെമന്ന പെട്ടി സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ ഫുഡ് ഫെസ്റ്റും നടത്തി. ഹൈഡ്മിസ്ട്രസ് ജോളി പി. ചാക്കോ, സ്റ്റാഫ് സെക്രട്ടറി ജോയ്സി മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി.
ചെങ്ങളം: സെന്റ് ആന്റണീസ് എൽപി സ്കൂളിൽ ദേശീയ തപാൽദിനാചരണം നടത്തി. കുട്ടികൾ എല്ലാവരും തങ്ങളുടെ കൂട്ടുകാർക്കും അധ്യാപകർക്കും ഇൻലന്റിൽ കത്തുകൾ എഴുതുകയും അവ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു. പോസ്റ്റ്ഓഫീസ് സന്ദർശിച്ച് അവിടുത്തെ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ മനസിലാക്കി. ഇന്ത്യയിൽ തപാൽ സംവിധാനം ആരംഭിച്ചതിന്റെ 150 വർഷങ്ങൾ പിന്നിടുന്ന വേളയിൽ പോസ്റ്റ്ഓഫീസിലെ ഉദ്യോഗസ്ഥരെ സ്കൂളിൽ ആദരിക്കുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.