കടപ്പാട്ടൂർ-പന്ത്രണ്ടാംമൈല് ബൈപാസില്‍ വീണ്ടും സാമൂഹ്യവിരുദ്ധശല്യം
1458987
Saturday, October 5, 2024 4:00 AM IST
പാലാ: കടപ്പാട്ടൂര്‍-പന്ത്രണ്ടാംമൈല് ബൈപാസില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി ഇവിടെ വീണ്ടും ശുചിമുറി മാലിന്യം തള്ളി.
കഴിഞ്ഞയാഴ്ച മാലിന്യം നിക്ഷേപിക്കാന്‍ എത്തിയവരെ നാട്ടുകാര്‍ പുറകെ പോയി പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയും അവരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മാലിന്യം സ്ഥാപിക്കുന്നവരെ പിടികൂടാന്‍ വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്ത് കാമറയും സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ശുചിമുറി മാലിന്യം തള്ളിയത്. മാലിന്യം തള്ളിയവരെ കാമറയില്‍ നോക്കി പിടികൂടാന്‍ സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ബൈപാസിലെ മാലിന്യനിക്ഷേപം ഒഴിവാക്കാനായി ഇരുവശങ്ങളിലും സൗന്ദര്യവത്കരണം നടത്തി ചെടികള്‍ നട്ടുപിടിപ്പിച്ചു മനോഹരമാക്കാന്‍ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് സമീപത്തുതന്നെ കക്കൂസ് മാലിന്യം വീണ്ടും തള്ളിയത്.
മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കാനും ബൈപാസ് വൃത്തിയായി സൂക്ഷിക്കുന്നതിനുംവേണ്ട പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവന്‍ പറഞ്ഞു.