പാതിവഴിയില്‍ നിർമാണം നിലച്ച് ചാലച്ചിറ-കോയിപ്പുറം റോഡ്
1458879
Friday, October 4, 2024 6:08 AM IST
കുറിച്ചി: ചാലച്ചിറ-കോയിപ്പുറം റോഡ് നിര്‍മാണം വീണ്ടും സ്തംഭിച്ചു. നിലവിലുള്ള എട്ടു മീറ്റര്‍ വീതി നിലനിര്‍ത്തിക്കൊണ്ട് ശാസ്ത്രീയമായി നിര്‍മാണം നടത്താന്‍ വേണ്ടിയാണ് ഒന്നരക്കോടി രൂപ അനുവദിച്ചത്. എന്നാൽ, ഒരു ചെറിയ മഴ പെയ്താല്‍ പോലും വലിയ വെള്ളക്കെട്ടുണ്ടാകുന്ന കല്ലുകടവ് പ്രദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും അശാസ്ത്രീയ നിര്‍മാണമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.
100 മീറ്റര്‍ ഭാഗത്തു മാത്രമാണ് ഓട നിര്‍മിച്ചത്. ഒന്നാംഘട്ട സമരം നടത്തിയപ്പോഴാണ് ഇതു നിര്‍മിച്ചത്. ഇപ്പോള്‍ പിന്നെയും നിര്‍മാണം നിലച്ചിരിക്കുകയാണ്. റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം 3.30ന് കല്ലുകടവ് ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ ചെയര്മാന് ഉണ്ണികൃഷ്ണന് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ആര്. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബാബു കോയിപ്പുറം, ടോജോ ചിറ്റേട്ടുകളം, വാസുദേവന്‍ നായര്‍ കണ്ടമംഗലം, ജിമ്മി അഗസ്റ്റിന്, ഓമനക്കുട്ടന് തോണിക്കടവ്, ശശികുമാര്‍ കുമാരമംഗലം എന്നിവര്‍ പ്രസംഗിച്ചു.