തലയാഴം കളപ്പുരയ്ക്കൽക്കരി നടപ്പാത വീതി കൂട്ടി പുനർനിർമിക്കണമെന്ന്
1458875
Friday, October 4, 2024 5:56 AM IST
തലയാഴം: നാട്ടുതോടിനോടു ചേർന്നുള്ള നടപ്പാത തകർന്നത് ഉൾപ്രദേശത്തെ കുടുംബങ്ങളുടെ ജീവിതം ദുരിത പൂർണമാക്കുന്നു. തലയാഴം പഞ്ചായത്ത് മൂന്നാംവാർഡിലെ കളപ്പുരയ്ക്കൽ കരിയിലേയ്ക്കുള്ള നടപ്പുവഴിയാണ് തകർന്ന് കാൽനട പോലും ദുഷ്കരമായത്.
തോട്ടകം - മുണ്ടാർ - എത്തക്കുഴി റോഡുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കളപ്പുരയ്ക്കൽക്കരി. നെൽപാടശേഖരത്തിന്റെ ഇടിഞ്ഞുതാണ ബണ്ടാണ് നിർധന കുടുംബങ്ങൾ വഴിയായി ഉപയോഗിക്കുന്നത്. ആഴമേറിയ നാട്ടുതോട്ടിലേയ്ക്ക് ഇടിഞ്ഞു താണ നടപ്പുവഴിയിൽ നിന്ന് കാൽ വഴുതിയാൽ നാട്ടു തോട്ടിൽ വീണ് ആളപായമുണ്ടാകും. ഗതാഗത സൗകര്യമുള്ള റോഡിൽ നിന്നു അരകിലോമീറ്ററോളം നടന്നാണ് പ്രദേശവാസികൾ വീടുകളിലെത്തുന്നത്.
ഇരുചക്ര വാഹനങ്ങൾ പോലും വഴിയിലൂടെ ഓടിക്കാനാവാത്തതിനാൽ വാഹനത്തിലെത്തുന്നവരും ദൂരത്ത് വാഹനം നിർത്തി നടന്നു പോകേണ്ട സ്ഥിതിയാണ്.ചെളിയും മണ്ണും ഇടകലർന്ന ബണ്ട് മഴ പെയ്താൽ ചെളിക്കുളമായി തെന്നുന്ന സ്ഥിതിയിലാകും.
കുടുംബങ്ങളിലെ വീടുകളുടെ നിർമ്മാണത്തിനും മറ്റും നിർമ്മാണ സാമഗ്രികൾ വീട്ടിലെത്തിക്കാൻഗതാഗതയോഗ്യമായ വഴിയില്ലാത്തതിനാൽ ഏറെ കൂലിച്ചെലവും വേണ്ടി വരുന്നു. വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശമായതിനാൽ ബണ്ട് വീതിക്കൂട്ടി ഉയർത്തി നിർമ്മിച്ചാൽ 20 ഓളം നിർധന കുടുംബങ്ങൾക്കും പാടശേഖത്തിൽ വിത്തും വളവും മറ്റുമെത്തിക്കാൻ പണിപ്പെടുന്ന കർഷകർക്കും ഉപകാരപ്രദമാകും.
പ്രദേശവാസികൾക്കും കർഷകർക്കും ഉപകാരപ്രദമായ തരത്തിൽ വഴി തീർക്കുന്നതിന് അധികൃതർ അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.