അപകടം പതിയിരിക്കുന്ന കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷൻ
1458868
Friday, October 4, 2024 5:56 AM IST
കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപകടം പതിയിരിക്കുന്നു. സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമായി. സ്കൂള്‍ കുട്ടികളടക്കം നൂറുകണക്കിനു യാത്രക്കാരാണ് ഇവിടെ പാളം മുറിച്ചുകടക്കുന്നത്. മേല്‍പാലത്തിലേക്ക് ഉയരത്തിലുള്ള ഫുട്ട്ഓവര്‍ ബ്രിഡ്ജ് കയറാനും ഇറങ്ങാനും മടിക്കുന്ന ആളുകളാണ് പാളം മുറിച്ചുകടക്കുന്നത്. സ്റ്റോപ്പില്ലെങ്കിലും സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ വേഗത കുറയ്ക്കാറുണ്ട്.
എന്നാൽ, ഇവിടെ ട്രെയിനുകള്‍ വളരെ വേഗത്തില്‍ എത്തുന്നതാണു പ്രധാനപ്രശ്നം. ഇരുവശത്തേക്കും നോക്കി ട്രെയിനില്ലെന്ന് ഉറപ്പുവരുത്തി പാളം മുറിച്ചു കടക്കുമ്പോഴേക്കും അടുത്ത് ട്രെയിനെത്തിക്കഴിയും.
ചില ട്രെയിനുകള്‍ ഹോണ്‍ മുഴക്കാതെയാണു കടന്നുപോകുന്നത്. ഇതുമൂലം തൊട്ടടുത്ത് ട്രെയിനെത്തുമ്പോഴാണ് പലരും അറിയുന്നത്. ട്രെയിനിടിച്ച് നിരവധി മരണങ്ങള് ഈ മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. സ്റ്റേഷനു സമീപത്തു പാളത്തിലേക്ക് കാടു കയറി കിടക്കുന്നതുമൂലം ദൂരത്തുനിന്നും ട്രെയിന്‍ വരുന്നത് കാണാനും സാധിക്കില്ല.
യുപി, ഹൈസ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി അറുന്നൂറില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇതിനു സമീപമാണ്. സ്കൂളില്‍ പഠിക്കുന്ന പകുതിയിലധികം കുട്ടികളും കുമാരനല്ലൂര്‍ കവലയില്‍ ബസ് ഇറങ്ങി പാളം മുറിച്ചുകടന്നാണ് സ്കൂളിലേക്കു വരുന്നത്. ഇതുമൂലം അധ്യാപകരും രക്ഷിതാക്കളും വളരെയധികം ആശങ്കയിലാണ്.
നിലവിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. കുട്ടികള്‍ക്കുപോലും ഉയരത്തിലുള്ള ഫുട്ട്ഓവര്‍ ബ്രിഡ്ജിലൂടെ കയറിയിറങ്ങാന്‍ പറ്റുന്നില്ല. പ്രായമായവര്‍ കയറാറുമില്ല. ഇതിനു പരിഹാരമായി അടിപ്പാതയോ മേല്‍പാലത്തിനു സമാന്തരമായി നടപ്പാതയോ നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞദിവസം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി കുമാരനല്ലൂര്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ജനസദസില്‍ ഈ ആവശ്യമുന്നയിച്ചു ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും അനധ്യാപകരും പിടിഎയും സംയുക്തമായി നിവേദനം സമര്‍പ്പിച്ചിരുന്നു.
അടിയന്തര പ്രാധാന്യത്തോടെ വിഷയം റെയില്‍വേ അധികൃതരുമായി ചര്‍ച്ചചെയ്യുമെന്നും പരിഹാരമുണ്ടാക്കുമെന്നും എംപി ഉറപ്പ് നല്‍കിയിട്ടുണ്ട്.