ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക സർക്കാർ നയം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1454150
Wednesday, September 18, 2024 10:14 PM IST
പാറത്തോട്: പിഡബ്ല്യുഡിയുടെ അധീനതയിലുള്ള പരമാവധി ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച ഇടക്കുന്നം - കൂവപ്പള്ളി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാജൻ കുന്നത്ത്, ടി.ജെ. മോഹനൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ-മത നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
കൂവപ്പള്ളി, കാരികുളം, സിഎസ്ഐ, ഇടക്കുന്നം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കും ഇടക്കുന്നം ഗവൺമെന്റ് ആശുപത്രി, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള ആളുകൾക്കും ഏറെ പ്രയോജനപ്രദമാണ്. പാറത്തോട് പഞ്ചായത്തിന്റെ ഉൾപ്രദേശ വാർഡുകളായ ഏഴ്, എട്ട്, ഒന്പത് 10, 11, 12 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഈ റോഡ് അഞ്ചുകോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
പാറത്തോട് നിന്ന് എരുമേലി ഭാഗത്തേക്കുള്ള എളുപ്പവഴി എന്നുള്ള നിലയിൽ ശബരിമല തീർഥാടകർക്കും ഈ റോഡ് ഉപകാരപ്രദമാകും. സംസ്ഥാനത്തൊട്ടാകെ നിലവിൽ 15000 കിലോമീറ്റർ റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് മുഖേന ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.
എരുമേലി ബൈപാസ് ഉദ്ഘാടനം ചെയ്തു
എരുമേലി: അഞ്ചു കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാർ ചെയ്ത എരുമേലി ബൈപാസ് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, ജനപ്രതിനിധികൾ രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ശബരിമല തീർഥാടന കാലത്തും മറ്റും ഏറെ പ്രയോജനപ്രദമായ ഈ റോഡിലൂടെ തീർഥാടന കാലത്ത് അയ്യപ്പഭക്തർ ഒഴികെയുള്ള മറ്റ് വാഹനങ്ങൾക്ക് എരുമേലി ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാൻ കഴിയും എന്നുള്ളതിനാൽ എരുമേലിയുടെ ബൈപാസ് ആയി ഈ റോഡ് ദീർഘദൂര യാത്രക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
ഭാവിയിൽ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് യാഥാർഥ്യമാകുമ്പോൾ എയർപോർട്ടിന് ഏറ്റവും സമീപത്തുകൂടി വരുന്ന പ്രധാന റോഡെന്ന പ്രാധാന്യവും ഈ റോഡിന് കൈവരും. എരുമേലിയുടെ വികസനവുമായി ബന്ധപ്പെട്ട് തയാറാക്കിയിരിക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായിട്ടുകൂടിയാണ് ബൈപാസ് റോഡ് വികസിപ്പിച്ചിരിക്കുന്നത്.