അതിരമ്പുഴ ടൗൺ നവീകരണം പൂർത്തിയായി; ഉദ്ഘാടനം ഇന്ന്
1453831
Tuesday, September 17, 2024 5:47 AM IST
അതിരമ്പുഴ: അതിരമ്പുഴ നിവാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമായി. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അതിരമ്പുഴ ടൗൺ ജംഗ്ഷന്റെ നവീകരണം പൂർത്തിയായി. നവീകരിച്ച ടൗൺ ജംഗ്ഷന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് നിർവഹിക്കും.
ഏറ്റുമാനൂർ - അതിരമ്പുഴ റോഡിന്റെയും അതിരമ്പുഴ-ലിസ്യൂ-കൈപ്പുഴ റോഡിന്റെയും അടിച്ചിറ-മാന്നാനം റോഡിന്റെയും സംഗമ സ്ഥാനമാണ് അതിരമ്പുഴ ജംഗ്ഷൻ. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ്, എംജി സർവകലാശാല, അതിരമ്പുഴ പള്ളി, മാന്നാനം ആശ്രമദേവാലയം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് അതിരമ്പുഴ ടൗൺ ജംഗ്ഷൻ കടന്നാണ് പോകേണ്ടത്. പ്രധാന വ്യാപാര കേന്ദ്രമായ അതിരമ്പുഴ മാർക്കറ്റിലേക്കും അനേകം വാഹനങ്ങളും ആളുകളും എത്തുന്നു.
ഇത്രയേറെ തിരക്കുള്ള ടൗണും ജംഗ്ഷനും തീർത്തും ഇടുങ്ങിയതായിരുന്നതിനാൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. ആറു മീറ്റർ മാത്രമായിരുന്നു ജംഗ്ഷന്റെ വീതി. ടൗണും ജംഗ്ഷനും വികസിപ്പിക്കണമെന്നത് പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യമായിരുന്നു. തോമസ് ചാഴികാടനും കെ. സുരേഷ് കുറുപ്പും എംഎൽഎമാരായിരുന്നപ്പോൾ സർക്കാർതലത്തിൽ നടപടികൾ ആരംഭിക്കുകയും തുക അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വികസനം തടസപ്പെട്ടു.
വി.എൻ. വാസവൻ എംഎൽഎ ആയശേഷം സാങ്കേതികക്കുരുക്കുകൾ അഴിക്കുകയും പ്രത്യേക താത്പര്യമെടുക്കുകയും ചെയ്തതോടെയാണ് ടൗൺ ജംഗ്ഷൻ വികസനം യാഥാർഥ്യമായത്. ആറു മീറ്റർ വീതി മാത്രം ഉണ്ടായിരുന്ന ജംഗ്ഷൻ 16 മീറ്റർ വീതിയിലും 400 മീറ്റർ നീളത്തിലുമാണ് നവീകരിച്ചിരിക്കുന്നത്. 86 ഉടമകളിൽനിന്നായി 35 സെന്റ് സ്ഥലം ഇതിനായി ഏറ്റെടുത്തു. 8.81 കോടി രൂപയാണ് ജംഗ്ഷൻ നവീകരണത്തിനായി ചെലവഴിച്ചത്. ആധുനിക നിലവാരത്തിൽ ബിഎം ആൻഡ് ബിസി ഉപരിതലത്തോടെയാണ് നിർമാണം.
അരികു ചാലുകൾ, നടപ്പാത, ബസ് കാത്തിരിപ്പു കേന്ദ്രം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവകൂടി സ്ഥാപിച്ചതോടെ ടൗൺ മനോഹരമായി. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ബസ് കാത്തിരിപ്പു കേന്ദ്രവും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചത്.
ഇന്ന് വൈകുന്നേരം നാലിന് അതിരമ്പുഴ ടൗണിൽ നടക്കുന്ന ചടങ്ങിൽ ജംഗ്ഷന്റെയും അതിരമ്പുഴ- ആട്ടുകാരൻ കവല റോഡിന്റെയും ഹോളിക്രോസ് റോഡിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ തുങ്ങിയവർ പ്രസംഗിക്കും.