കരിനിലം-കുഴിമാവ് റോഡ് സഞ്ചാരയോഗ്യമാക്കണം; തിരുവോണനാളിൽ പഴങ്കഞ്ഞി കുടിച്ച് പ്രതിഷേധം
1453081
Friday, September 13, 2024 11:50 PM IST
മുണ്ടക്കയം: കരിനിലം-പശ്ചിമ-കൊട്ടാരംകട-കുഴിമാവ് റോഡ് ജനകീയ സംരക്ഷണസമിതി രണ്ടാം ഘട്ട സമരപരിപാടിയിലേക്ക് കടക്കുകയാണെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ഈ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട്. ഇതിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ഏഴിന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റോഡിൽ നാളികേരമുടച്ച് പ്രതിഷേധിച്ചിരുന്നു. അതിനുശേഷം ബന്ധപ്പെട്ട അധികാരികളുടെയും എംഎൽഎയുടെയും അടുത്ത് സമരസമിതി അംഗങ്ങൾ നേരിട്ട് ചെന്ന് കാര്യങ്ങൾ അവതരിപ്പിക്കുകയും പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടെത്തി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ, രണ്ടു മാസക്കാലമായിട്ടും റോഡ് നിർമാണത്തിന് അനുവദിച്ചുവെന്ന് പറയുന്ന 1,22,60,000 രൂപയ്ക്ക് ഭരണാനുമതി പോലും ലഭിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകൾ ഒരു വാർത്താക്കുറിപ്പിൽ നടത്തിയ പ്രസ്താവന റോഡിന്റെ അവസ്ഥ മനസിലാക്കാതെയാണെന്നും റോഡ് ജനകീയ സംരക്ഷണസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.
രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി നാളെ തിരുവോണനാളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ വസതിക്ക് മുന്പിൽ സമരസമിതി അംഗങ്ങൾ പഴങ്കഞ്ഞി കുടിച്ച് പ്രതിഷേധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ചെയർമാൻ സിനിമോൾ തടത്തിൽ, കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, വൈസ് ചെയർമാൻ സുധൻ മുകളേൽ, സന്തോഷ് അഭയം ഓട്ടോ എന്നിവർ പങ്കെടുത്തു.