വിലയിടിവിനൊപ്പം വില ഇന്‍ഷ്വറന്‍സിലും സര്‍ക്കാര്‍ ചതി; വലഞ്ഞ് കർഷകർ
1452566
Wednesday, September 11, 2024 11:33 PM IST
കോട്ടയം: ദുരിതം വിടാതെ പിന്തുടരുന്ന കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് നല്‍കാതെ സര്‍ക്കാര്‍. വേനല്നഷ്ടത്തിനു പിന്നാലെ മഴക്കെടുതിയില്‍ നാശം വിതച്ചത് കുറച്ചൊന്നുമല്ല നഷ്ടം വരുത്തിയത്. കാട്ടുമൃഗശല്യത്തിലും നഷ്ടം തുടര്‍ക്കഥ. ഇതിനിടയിലാണു നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട ഇന്‍ഷ്വറന്‍സ് തുക നല്‍കാതെ കര്‍ഷകരെ വലയ്ക്കുന്നത്.
ഓണത്തിന് മൂന്നു നാള് ശേഷിക്കെ ഇരട്ടി പ്രഹരത്തില്‍ കര്‍ഷകര്‍ തകര്‍ന്നിരിക്കുകയാണ്. കടം കയറി ഞെരുങ്ങുമ്പോള്‍ ഇനിയെന്തെന്ന ചോദ്യത്തിന് ഉത്തരവുമില്ല. പല തരത്തില്‍ കടം വാങ്ങിയാണ് ഭൂരിപക്ഷവും കൃഷിയിറക്കിയത്. കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെയും വിലയെയും ബാധിച്ചു. ഇതോടെ കടം തിരികെ നല്കാന് കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. ഓണം മുന്നില്‍ക്കണ്ടുള്ള കൃഷിയാകട്ടെ കഴിഞ്ഞ മാസങ്ങളിലെ കാറ്റിലും മഴയിലും വ്യാപകമായി നശിച്ചു.
നിരവധി കര്‍ഷകരാണു ഇത്തരത്തില്‍ കൃഷി ഉപേക്ഷിച്ചത്. 72-80 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള നഷ്ടപരിഹാരമേ വിതരണം ചെയ്തിട്ടുള്ളൂ. കൃഷി വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരാണ് ഇന്‍ഷ്വറന്‍സ് കിട്ടാന്‍ കാത്തിരിക്കുന്നത്. പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം തുടങ്ങിയ നഷ്ടങ്ങള്‍ക്ക് ചെലവിന് ആനുപാതിക നഷ്ടപരിഹാരമാണ് ലഭിക്കേണ്ടത്. ജില്ലയില്‍ 235 കര്‍ഷകര്‍ക്കായി 4.72 കോടി രൂപയാണ് ലഭിക്കാനുള്ളത്.