വൈക്കത്തെ ഗ്രാമീണ ജീവിതം തൊട്ടറിയാൻ സഞ്ചാരികൾ ശിക്കാര വള്ളത്തിലേറുന്നു
1452250
Tuesday, September 10, 2024 7:18 AM IST
വൈക്കം: വൈക്കത്തെ ഗ്രാമീണ ജീവിതം തൊട്ടറിയാൻ ഉള്‍നാടന്‍ ജലാശയങ്ങളിലൂടെ ശിക്കാര വള്ളങ്ങളിൽ ചുറ്റുന്ന വിനോദ സഞ്ചാരികളുടെ എണ്ണമേറുന്നു. മഴ ശക്തമായതോടെ ഇടയ്ക്ക് സഞ്ചാരികളുടെ വരവിൽ കുറവുണ്ടായെങ്കിലും ഓണക്കാലമായതോടെ സഞ്ചാരികൾ കൂടുതലായി ടൂർ ഓപ്പറ്റേർമാരുമായി ബന്ധപ്പെട്ടു യാത്ര ബുക്ക് ചെയ്യുകയാണ്.
വൈക്കത്തെ കാര്‍ഷിക ഗ്രാമങ്ങളായ തലയോലപ്പറമ്പ്, തലയാഴം, വെച്ചൂർ, കല്ലറ പഞ്ചായത്തുകളിലെ ഉള്‍നാടന്‍ ജലാശയങ്ങളും നെല്‍വയലുകളുമാണ് സഞ്ചാരികളുടെ മനം കവരുന്നത്. ആധുനികതയുടെ കടന്നുകയറ്റം അധികം ഏല്‍ക്കാത്ത ഈ മേഖലകളിൽ ചെറുവള്ളങ്ങളിലും ഹൗസ് ബോട്ടുകളിലും വരുന്ന സഞ്ചാരികൾക്ക് മത്സ്യ സമൃദ്ധമായ കരിയാറിന്റെയും നാട്ടു തോടുകളുടെയും പ്രശാന്തതയാണ് ഏറെ പ്രിയതരമാകുന്നത്.
വൈക്കം നഗരത്തില്‍നിന്ന് കരിയാറിലൂടെ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാൽ വൈക്കത്തെ വിനോദ സഞ്ചാരത്തിന്റെ പറുദീസയായ മുണ്ടാറിലെത്തും. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട 2500 ഏക്കർ വിസ്തൃതിയുള്ള മുണ്ടാർ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ്. അപൂർവ ഇനംകിളികളുടെ സങ്കേതമാണ് കരിയാർ. ചാരക്കോഴി, കുളക്കോഴി, താമരക്കോഴി, മുങ്ങാംകോഴി, നീര്‍ക്കാക്ക, ഞാറ, കടല്‍ക്കാക്ക, എരണ്ടപ്പക്ഷി, വിവിധതരം കൊറ്റികള്‍ തുടങ്ങി നാടനും മറുനാടനുമായ പക്ഷികളുടെ ആവാസ കേന്ദ്രമായി ഇവിടം മാറിയതോടെ പക്ഷിനിരീക്ഷണത്തിനെത്തുന്നവരുടെ എണ്ണവുമേറുന്നു.
നഗരത്തിലെ തിരക്കിൽനിന്ന് ശിക്കാരി വള്ളത്തിൽ മുണ്ടാറിലെത്തി ഗ്രാമീണ ചാരുതയിൽ മുങ്ങി കപ്പയും മീന്‍കറിയും അടങ്ങുന്ന നാടന്‍ ഭക്ഷണം കഴിച്ച് മടങ്ങിയെത്താം. മത്സ്യ വിഭവങ്ങളടക്കമുള്ള നാടൻ ഭക്ഷണവും കുറഞ്ഞ നിരക്കിൽ പുഴ-കായൽ വഞ്ചിവീട് യാത്രാസൗകര്യമൊരുക്കി തോട്ടകത്ത് കരിയാർ ആറ്റുതീരത്ത് ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി പുതിയ ഭക്ഷണശാല തുറന്നു.
വൈക്കത്തെ വിനോദ സഞ്ചാര വികസനത്തിന് ആക്കം കൂട്ടുന്നതിനാരംഭിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവനും പുതിയ വഞ്ചിവീടിന്റെ ഫ്ളാഗ് ഓഫ് സി.കെ. ആശ എംഎൽഎയും നിർവഹിച്ചു. കെ. അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ്, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. രമേശൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.