ഫിസിക്കല്‍ ഫയലിംഗ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തില്‍ പ്രതിഷേധം
1451849
Monday, September 9, 2024 5:34 AM IST
ചങ്ങനാശേരി: കോടതികളില്‍ നടപ്പിലാക്കിയ ഇ-ഫയലിംഗ് സമ്പ്രദായം മൂലം ഫിസിക്കല്‍ ഫയലിംഗ് നിര്‍ത്തലാക്കണമെന്ന ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് നിര്‍ദേശത്തില്‍ അഡ്വക്കറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മതിയായ ക്രമീകരണങ്ങളില്ലാതെ കോടതികളില്‍ നടപ്പിലാക്കിയ ഇ-ഫയലിംഗ് നിമിത്തം വളരെ ഏറെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് ലക്ഷക്കണക്കിനു വരുന്ന സാധാരണക്കാരായ കക്ഷികളും അഡ്വക്കറ്റ് ക്ലാര്‍ക്കുമാര്‍ ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നവരും അനുഭവിക്കുന്നത്.
പതിനായിരക്കണക്കിന് അഭിഭാഷക ക്ലര്‍ക്കുമാരെയും അതുവഴി അവരെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് സാധാരണ കുടുംബാംഗങ്ങളെയും നിരാലംബരാക്കുന്നതും പട്ടിണിക്കിടുന്നതും ഒരു തൊഴില്‍ മേഖല തന്നെ ഇല്ലാതാക്കുന്നതുമായ അര്‍ഥശൂന്യമായ നിര്‍ദേശത്തില്‍നിന്ന് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പിന്മാറണമെന്നും അഡ്വക്കറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രനും ജനറല്‍ സെക്രട്ടറി വി.കെ. രാജേന്ദ്രനും ആവശ്യപ്പെട്ടു.