കടുത്തുരുത്തി ടൗണ്‍ ബൈപാസ് നിര്‍മാണം 2025 മേയിൽ പൂർത്തിയായേക്കുമെന്ന് പിഡബ്ല്യുഡി
1451848
Monday, September 9, 2024 5:34 AM IST
കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്കു സമാന്തരമായി നിര്‍മിക്കുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസിന്റെ അന്തിമഘട്ടത്തിലെ പണികള്‍ പുരോഗമിക്കവെ നിർമാണം പൂര്‍ത്തിയാകാന്‍ ഇനിയുമെത്രകാലമെന്നാണു നാട്ടുകാരുടെ ചോദ്യം.
കാലാവസ്ഥ അനുകൂലമായാല്‍ 2025 മേയ് മാസത്തിനു മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നു കരുതുന്നുവെന്നു പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. കാലാവസ്ഥയുടെ പേരില്‍ മുന്‍കൂര്‍ ജാമ്യമെടുത്താണ് ഉദ്യോഗസ്ഥരുടെ മറുപടി. ബൈപാസ് നിര്‍മാണത്തിലെ അവസാനമായ മൂന്നാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയതായും അവര്‍ പറയുന്നു. 9.60 കോടിയുടെ നിര്‍മാണ ജോലികളാണ് മൂന്നാംഘട്ടത്തിൽ നടപ്പാക്കേണ്ടത്. മൂവാറ്റുപുഴ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് മൂന്നാംഘട്ട നിര്‍മാണ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്.
അതേസമയം, ബൈപാസ് ഉടന്‍ പൂര്‍ത്തിയാകുമെന്നും അവസാനഘട്ടത്തിലാണ് ജോലികളെന്നും അധികൃതര്‍ അവകാശപ്പെടാന്‍ തുടങ്ങിയിട്ടു നാളേറേയായെന്നു നാട്ടുകാർ ആക്ഷേപിച്ചു. പദ്ധതി തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തിലധികമായി. ബൈപാസിലൂടെ വാഹനങ്ങള്‍ക്ക് എന്നു സഞ്ചരിക്കാനാവുമെന്ന ചോദ്യം ഉത്തരമില്ലാതെ നീളുകയാണ്. കടുത്തുരുത്തി ടൗണിലെ വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ ടൗണ്‍ ബൈപാസ് പൂര്‍ത്തിയായാല്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജനപ്രതിനിധികളും യാത്രക്കാരുമെല്ലാമുള്ളത്.
ബൈപാസ് പദ്ധതി
കടുത്തുരുത്തി ഐടിസി ജംഗ്ഷന് മുതല്‍ ബ്ലോക്ക് ജംഗ്ഷന് വരെ 1.5 കിലോമീറ്റര്‍ നീളത്തിൽ 14 മീറ്റര്‍ വീതിയിലാണ് ബൈപാസ് നിര്‍മിക്കുന്നത്. 25.50 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ചാണ് ബൈപാസിന്റെ ആദ്യഘട്ടത്തിന് തുടക്കമിട്ടത്.
ബൈപാസിനായി ഏറ്റെടുത്ത ഭൂമി 2013 നവംബര്‍ അഞ്ചിന് പൊതുമരാമത്ത് വകുപ്പിനു കൈമാറി നിര്‍മാണത്തിനു തുടക്കംകുറിച്ചു. രണ്ടാംഘട്ടത്തിൽ ഫ്ളൈ ഓവറും ചുള്ളിത്തോടിനു കുറുകെയുള്ള പാലവും റോഡിന്റെ അടിസ്ഥാന സൗകര്യവികസനവും നടപ്പാക്കി.
മൂന്നാംഘട്ടത്തില്‍ നടപ്പാക്കാനുള്ളത്
ഐടിസി ജംഗ്ഷന് മുതല്‍ ബ്ലോക്ക് ജംഗ്ഷന് വരെയുള്ള റോഡിന്റെ ശേഷിക്കുന്ന സംരക്ഷണഭിത്തി.നിര്‍മാണം, റോഡ് ഉയര്‍ത്തൽ, ബ്ലോക്ക് ജംഗ്ഷനു സമീപത്ത് അടിപ്പാത നിര്‍മാണം, വെള്ളക്കെട്ട്.
ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍, ബിഎം ആന്‍ഡ് ബിസി ടാറിംഗ് അടക്കമുള്ള ശേഷിക്കുന്ന മുഴുവന്‍ നിർമാണങ്ങളും മൂന്നാംഘട്ടത്തില്‍ നടക്കാനുണ്ട്.