കുറവിലങ്ങാട് പള്ളിയിൽ ഇന്ന് മേരിനാമധാരീ സംഗമം
1451700
Sunday, September 8, 2024 7:11 AM IST
കുറവിലങ്ങാട്: ദൈവമാതാവിന്റെ പിറവിത്തിരുനാളിൽ അമ്മയുടെ നാമധാരികൾ അമ്മയ്ക്കരുകിൽ സംഗമിക്കുന്നു. സീറോമലബാർ സഭയിലെ ആദ്യ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ മർത്ത്മറിയം അർക്കദിയാക്കോൻ പള്ളി മേരിമാരുടെ പേരിൽ പുതിയ ചരിത്രമെഴുതുന്ന സംഗമത്തിനാണ് ആതിഥ്യമരുളുന്നത്.
ആയിരത്തിലധികം മേരിമാർ ഒരുവേദിയിൽ സംഗമിക്കുന്നത് നാടിന്റെ അഭിമാനനിമിഷവുമാണ്. മാമ്മോദീസായിലൂടെയും ക്രൈസ്തവപാരമ്പര്യത്തിലും ദൈവമാതാവിന്റെ പേര് സ്വീകരിച്ചവരാണ് സംഗമത്തിനെത്തുക. മേരി, അമല, വിമല, നിർമല, മറിയം, മരിയ എന്നിങ്ങനെയുള്ള പേരുകാരാണ് അമ്മയ്ക്കരികിലേക്ക് എത്തുന്നത്.
മേരിനാമധാരീ സംഗമത്തിനെത്തുന്നവരെല്ലാം നേർച്ചയായി 21 കള്ളപ്പംവീതം ദേവാലയത്തിൽ സമർപ്പിക്കും. സംഗമത്തിനെത്തുന്നവർക്ക് പ്രത്യേക ഉപഹാരം നൽകി ഇടവക നന്ദിയറിയിക്കും. മേരിനാമധാരികൾ സമർപ്പിക്കുന്ന കള്ളപ്പമാണ് സ്നേഹവിരുന്നിൽ വിളമ്പി നൽകുന്നത്. എകെസിസി യൂണിറ്റാണ് നോമ്പുവീടൽ സദ്യക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് 10.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രാവിലെ 5.30, 7.00, 8.45, വൈകുന്നേരം 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. ആറിന് ജപമാലപ്രദക്ഷിണത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകുന്നത്.