കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡ് വിതരണവും 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് കോർപറേഷൻ ചെയർമാൻ ജോർജുകുട്ടി ആഗസ്തി, ജില്ലാ ആസൂത്രണസമിതി അംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.ടി. രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രഥമാധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.
നിയോജകമണ്ഡലത്തിലെ അമ്പതോളം സ്കൂളുകളിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളും നിയോജക മണ്ഡലത്തിൽനിന്ന് പുറത്തുനിന്നുള്ള സ്കൂളുകളിൽ പഠിച്ച് എ പ്ലസ് നേടിയ നിയോജക മണ്ഡലം പരിധിയിൽ താമസക്കാരുമായ വിദ്യാർഥികളാണ് പ്രതിഭാ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്. നൂറു ശതമാനം വിജയം കൈവരിച്ച 50 സ്കൂളുകളാണ് എംഎൽഎ എക്സലൻസ് അവാർഡിന് അർഹരായിട്ടുള്ളത്.