കോട്ടയം, രുചിക്കൂട്ടുകളുടെ കലവറ
1432211
Friday, June 28, 2024 10:59 PM IST
കോട്ടയത്തിനുണ്ട് തനതായൊരു രുചിക്കൂട്ട്. കുടംപുളിയിട്ട മീന്‍കറിയും ഉലര്‍ത്തിയ പോത്തുകറിയും കപ്പബിരിയാണിയും കേമം. കൊഴുക്കട്ടയും ഇലയടയും ഇടിയപ്പവും പാലപ്പവും വട്ടയപ്പവും പിടിയും കുമ്പിളും കള്ളപ്പവും വെള്ളയപ്പവും കോട്ടയം അമ്മച്ചിമാരുടെ ഭാവനാസൃഷ്ടിയാണെന്നു പറയുന്നവരുണ്ട്.
അരിയില്‍ മാത്രമല്ല കപ്പയിലും ചക്കയിലും എത്രയോ വിഭവങ്ങള്‍. വെള്ളുകപ്പ ഇടിച്ചുപൊടിച്ച് അപ്പവും പുട്ടുമുണ്ടാക്കിയ കാലം. പനയിടിച്ചും കൂവ കുറുക്കിയും പലഹാരമുണ്ടാക്കിയ പഴയ തലമുറ. കപ്പപോലെ കോട്ടയത്തിനു പ്രിയമാണ് ചക്കയും.
കുമരകം കരിമീന്‍ ഭൗമസൂചികാപട്ടികയില്‍ പേരു ചാര്‍ത്തിയിട്ടുണ്ട്. വാഴയിലയില്‍ പൊള്ളിച്ച കരിമീനും കൊഞ്ചുകറിയും അതിരറ്റ രുചിയില്‍ പെരുമ നേടി. കായലും പുഴകളും മത്സ്യവൈവിധ്യത്തില് സമ്പന്നമായിരുന്നു. മായം ചേരാത്ത തെങ്ങിന്‍കള്ളും പനങ്കള്ളും സുലഭമായിരുന്നു.
കോട്ടയത്തെ മാമ്മിച്ചേടത്തിയുടെയും പഴയിടം നമ്പൂതിരിയുടെയും രുചി കടന്നുചെല്ലാത്ത രാജ്യങ്ങളുണ്ടാവില്ല. അരിയുണ്ട, എള്ളുണ്ട, നുറുക്ക്, മിക്സ്ചര്‍, ഊത്തപ്പം, കുഴലപ്പം തുടങ്ങി കൊറിക്കാനെത്രയോ വിഭവങ്ങള്‍ ചേടത്തിയുണ്ടാക്കി.
മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് ചായക്കടയും മാടക്കടയും കള്ളുഷാപ്പും ചരക്കുപീടികയുമില്ലാത്ത ഒരു ഗ്രാമവുമുണ്ടായിരുന്നില്ല. ചായക്കടകളില്‍ അരി ആട്ടിയും പൊടിച്ചും തയാറാക്കുന്ന അപ്പം, ദോശ, ഇഡ്ഡലി, പുട്ട് തുടങ്ങിയ നാടന്‍ വിഭവങ്ങള്‍. കറി സാമ്പാറും ചമ്മന്തിയും.
പൊറോട്ട അക്കാലത്തൊക്കെ പടിക്കു പുറത്താണ്. ബോണ്ട, സുഖിയന്‍, പരിപ്പുവട, ഉഴുന്നുവട നിര്‍മാണത്തിലും കോട്ടയത്തിന് പേറ്റന്റ് അവകാശപ്പെടാമെന്നു പറയുന്നവരുണ്ട്. അതുകൊണ്ടാണല്ലോ 75 വയസു തികഞ്ഞ ചായപ്പീടികകളും ഹോട്ടലുകളും ജില്ലയില്‍ ഇക്കാലത്തും ജനസമ്പര്‍ക്കം തുടരുന്നത്. കോട്ടയം ജനുസുകളായ വെച്ചൂര്‍ പശുവും ചെറുവള്ളി പശുവും ചുരത്തുന്ന ഔഷധപ്പാലിനും പെരുമയുണ്ട്.
വീട്ടകങ്ങളില്‍ ചക്കക്കുരു ചാറും തോരനും തേങ്ങാച്ചമ്മന്തിയും ഉണക്കമീനും മോരുകറിയും കടുകുമാങ്ങയും പഴയ തലമുറയുടെ തനതുരുചിയായിരുന്നു. പഴയന്‍കഞ്ഞിയും പുളിമോരും പതിവായിരുന്നു.
ചേമ്പിന്‍താളും തഴുതാമയും ഇടിച്ചക്കയും ചീരയും മുരിങ്ങയിലയും ചേനയും ചേമ്പും കാച്ചിലും കുമ്പളങ്ങയും മത്തങ്ങയുമൊക്കെ ജനകീയ കറികളായിരുന്നു. കാബേജും കാരറ്റും ബീറ്റ്റൂട്ടും കോളിഫ്ളവറും നാട്ടിലെ കടന്നേറ്റക്കാരാണ്.
കാലം കൈമോശം വരുത്തിയ എത്രയോ വിഭവങ്ങള്‍ നാടിനു സ്വന്തമായിരുന്നു. നാളികേരവും മുട്ടയും പച്ചക്കറിയും അന്നേറെപ്പേരും വിലകൊടുത്തുവാങ്ങിയിരുന്നില്ല.
കുഞ്ഞച്ചന്, ഐരുവെള്ള, കട്ടന്‍, മിക്സ്ചര്‍ തുടങ്ങിയ കപ്പയിനങ്ങള്‍ കോട്ടയത്തിന്റെ തനതു ബ്രാന്ഡുകളായിരുന്നു. അറുന്നൂറ്റിമംഗലംകാരന് ആമ്പക്കാടന്‍ തൊമ്മി വികസിപ്പിച്ച ഇനമാണ് ആമ്പക്കാടന്‍ കപ്പ. വാഴ, മാവ്, പ്ലാവ് ഇനവൈവിധ്യത്തിലും കോട്ടയം മുന്നിലായിരുന്നു. ഇലയും പൂവും കായുമായി അന്‍പതിലേറെ കറിയിനങ്ങളുടെ കലവറയായിരുന്നു നാട്. പുതുരുചി തേടിപ്പോകുന്ന പുതിയ തലമുറ തലമുറകള്‍ കൈമാറിവന്ന വിത്തുകുട്ട കൈമോശം വരുത്തി.