എരുമേലി-മുക്കട പാതയിലെ മരങ്ങൾ അപകടാവസ്ഥയിൽ
1432207
Friday, June 28, 2024 10:59 PM IST
എരുമേലി: എരുമേലി-മുക്കട പാതയിൽ മരങ്ങൾ കടപുഴകി റോഡിലേക്കു പതിക്കാൻ സാധ്യത ഉണ്ടെന്നിരിക്കേ റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിൽ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
എരുമേലി-മുക്കട പാതയിൽ കനകപ്പലം മുതൽ മുക്കട വരെ വനത്തിലൂടെയാണ് പാത കടന്നുപോകുന്നത്. പാതയുടെ ഇരുവശങ്ങളിലും വനത്തിലെ മരങ്ങളിൽ മിക്കതും റോഡിലേക്കു വീഴാവുന്ന നിലയിലാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അപകടകരമായ മരങ്ങൾ എത്രയുംവേഗം വെട്ടിമാറ്റി യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി. മരങ്ങൾ വെട്ടിനീക്കിയില്ലെങ്കിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
വീഴാൻ നൂറോളം മരങ്ങൾ
റോഡിലേക്ക് ഒടിഞ്ഞുവീഴാവുന്ന ശിഖരങ്ങളുമായി പാതയ്ക്ക് ഇരുവശങ്ങളിലുമായി നൂറോളം മരങ്ങളാണുള്ളത്. മിക്കതും വർഷങ്ങൾ പഴക്കമുള്ളതാണ്. കരിമ്പിൻതോട് ഭാഗത്ത് കഴിഞ്ഞ ആഴ്ചയിൽ രണ്ടു തവണയാണ് റോഡിൽ മരങ്ങൾ കടപുഴകി വീണത്. ഇവിടെ ഫോറസ്റ്റ് ക്യാമ്പ് ഓഫീസിനു മുന്നിലും റോഡരികിലുള്ള മരം അപകട ഭീഷണിയിലാണ്.
നടപടി നീളും
അപകടകരമായ മരങ്ങൾ ചുവടെ മുറിച്ചു നീക്കുന്നതിനും ശിഖരങ്ങൾ മുറിച്ചു മാറ്റേണ്ടതിനും സങ്കീർണമായ നടപടികളാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മരങ്ങൾ അപകടത്തിലാണോയെന്നു പരിശോധന നടത്തി വിശദമായ റിപ്പോർട്ട് നൽകി പ്രാഥമിക അനുമതി തേടണം.
അനുമതിയായാൽ മരങ്ങളുടെ ഇനം, പഴക്കം, വില എന്നിവ സംബന്ധിച്ച് മൂല്യനിർണയം നടത്തണം. ഇതിനുശേഷം അന്തിമ അനുമതി ലഭ്യമായി ലേലമോ ടെൻഡറോ ഏതാണ് വേണ്ടതെന്നു തീരുമാനമായി ലഭിക്കുമ്പോൾ മാസങ്ങൾ നീളുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.