ഒരു മാസം മുന്‍പ് ബുക്ക് ചെയ്താലും വെയിറ്റിംഗ് ലിസ്റ്റില്‍; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
1432201
Friday, June 28, 2024 10:59 PM IST
കോട്ടയം: ബംഗളൂരു ട്രെയിനില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്യണമെങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച മുന്‍പ് ബുക്ക് ചെയ്യണം. ചെന്നൈയ്ക്കാണെങ്കില് മിനിമം രണ്ടാഴ്ച. ഡല്‍ഹിയിലേക്കും കോല്‍ക്കത്തയിലേക്കും റിസര്‍വേഷന്‍ ലഭിക്കാന്‍ ഒരു മാസം മുന്നേ ടിക്കറ്റെടുക്കേണ്ട സാഹചര്യം. കാസര്‍ഗോഡിനും മുംബൈയ്ക്കുമൊക്കെ സ്ഥിതി ഇതുതന്നെ. അടിയന്തര ആവശ്യം വന്നാല്‍ കൊള്ളചാര്ജിന് വിമാനം പിടിക്കുകയേ മാര്‍ഗമുള്ളൂ.
30 ലക്ഷം അതിഥി തൊഴിലാളികളുള്ള കേരളത്തില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഓടുന്നത് ആറു ട്രെയിനുകള്‍ മാത്രം. അറുപത് ട്രെയിന്‍ അനുവദിച്ചാലും ആസാം, ബംഗാള്‍, ബിഹാര്‍, ഒഡീഷ സംസ്ഥാന തൊഴിലാളികളുടെ തിരക്ക് തീരില്ല. ഇതിനിടയിൽ പഠനത്തിനും ജോലിക്കും പോകേണ്ട മലയാളികളുടെ ഗതികേടും ദുരിതവും ചെറുതല്ല. ശബരിമല സീസണിലെ തിരക്ക് പറയാനുമില്ല.
പഠനത്തിനും ജോലിക്കുമായി ഓരോ വര്‍ഷവും മലയാളികളുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിലും വേണ്ടത്ര വണ്ടികള്‍ അനുവദിക്കാന്‍ റെയില്‍വേ താത്പര്യപ്പെടുന്നില്ല. നിലവില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കോട്ടയം റൂട്ടില്‍ ഇരട്ടപ്പാതയുണ്ട്. എറണാകുളം-തിരുവനന്തപുരം ഡബിളിംഗ് പൂര്‍ത്തിയായ ശേഷം ഒരു വന്ദേഭാരത് മാത്രമാണ് അധികമായി ലഭിച്ചത്.
വേണാട്, വഞ്ചിനാട്, പാലരുവി, ചെന്നൈ മെയില്‍, മലബാര്‍, ഐലൻഡ്, ജയന്തി ട്രെയിനുകളുടെ ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ കാലു കുത്താന്‍ ഇടമില്ലാത്ത സാഹചര്യമാണ്. സ്കൂള്‍, കോളജ് അധ്യയനം തുടങ്ങിയതോടെ തിരക്ക് ഇരട്ടിയായി വര്‍ധിച്ചു. ഒന്നോ രണ്ടോ മിനിറ്റ് മാത്രം നിറുത്തുന്ന സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും സമയം ലഭിക്കില്ല.
അധികം ട്രെയിനുകള്‍ അനുവദിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും എംപിമാരും കാര്യക്ഷമമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.