കോട്ടയം: എംജി യൂണിവേഴ്സിറ്റി കാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നത പഠനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐസിസിആര്‍) സ്കോളര്‍ഷിപ്പോടെ പിഎച്ച്ഡി, പിജി, ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ 58 രാജ്യങ്ങളില്‍നിന്നായി 885 പേരാണ് ഇത്തവണ അപേക്ഷ നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ 571 അപേക്ഷകളാണ് ലഭിച്ചത്. പിഎച്ച്ഡി-187, പിജി-406, ഡിഗ്രി-292 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി ഇക്കുറി ലഭിച്ച അപേക്ഷകളുടെ എണ്ണം. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍-79 പേര്. ആഫ്രിക്കയിലെതന്നെ സുഡാനില്‍നിന്ന് 77 പേരുണ്ട്.
ബൊട്സ്വാന-67, ബംഗ്ലാദേശ്-59, ഇറാക്ക്-58, ടാന്‍സാനിയ-57, നൈജീരിയ-52, മലാവി-48, യെമന്‍, ശ്രീലങ്ക-39 വീതം, മാലി-33, ലെസോത്തോ-26, നേപ്പാള്‍-22, അംഗോള-22, എത്യോപ്യ-19, യുഗാണ്ട-15, റുവാണ്ട-14, ദക്ഷിണ സുഡാന്-10, ഗാംബിയ-10, മൊസാംബിക്, ലൈബീരിയ, ഇന്‍ന്തോനേഷ്യ-ഒമ്പത്, പലസ്തീന്-എട്ട്, കൊമോറോസ്, എസ്വാതിനി-ഏഴ്, സിറിയ, ഘാന, മ്യാന്മര്-ആറ്, സൊമാലിയ, ഛാഡ്, വിയറ്റ്നാം, സാംബിയ-അഞ്ച്, ബറുണ്ടി, സിയറ ലിയോണ്‍, മഡഗാസ്കര്‍-നാല്, എറിത്രിയ, ടോഗോ, ഒമാന്‍-3, കംബോഡിയ, കാമറൂണ്‍, ഭൂട്ടാന്, സിംബാബ് വേ, തുര്‍ക്ക്മെനിസ്ഥാന്‍, മംഗോളിയ-രണ്ട്, സെനഗള്‍, ചൈന, നൈജര്‍, യുകെ, സെര്‍ബിയ, പോര്‍ച്ചുഗല്‍, നമീബിയ, മാലദ്വീപ്, മലേഷ്യ, സൗദി അറേബ്യ, ജിബുട്ടി, കോംഗോ, ഗിനി, തായ്ലന്ഡ് -ഒന്ന് എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളില്‍നിന്നുള്ള അപേക്ഷരുടെ എണ്ണം.
എംബിഎ കോഴ്സിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്-70.
സ്കോളര്‍ഷിപ്പോടെയുള്ള പഠനം
ഐസിസിസി ആറിന്റെ പോര്‍ട്ടലിലൂടെയാണു വിദേശ വിദ്യാര്‍ഥികളില്‍നിന്നു സ്കോളര്‍ഷിപ്പോടെയുള്ള പഠനത്തിന് അപേക്ഷ സ്വീകരിക്കുന്നത്. നിലവില്‍ ഐസിസിആര്‍ എംപാനല്‍ ചെയ്തിട്ടുള്ള 131 സര്‍വകലാശാലകളില്‍നിന്നു വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള സ്ഥാപനം തെരഞ്ഞെടുക്കാം. പിന്നീട് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്ത സര്‍വകലാശാലകളിലേക്ക് ഐസിസിആര്‍ അപേക്ഷകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്.
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്സിി ന്റെ (നാക്) എ ഡബിള്‍ പ്ലസ് ഗ്രേഡുള്ള കോളജുകളിലും ഓട്ടോണമസ് കോളജുകളിലും ഓരോ പ്രോഗ്രാമിനും 25 ശതമാനം ആധിക സീറ്റുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. മറ്റ് അഫിലിയേറ്റഡ് കോളജുകളില്‍ ഓരോ പ്രോഗ്രാമിനും 20 ശതമാനം അധിക സീറ്റുകളുമുണ്ട്.
സമീപ കാലത്ത് ദേശീയ, രാജ്യാന്തര റാങ്കിംഗുകളില്‍ സര്‍വകലാശാല മികവ് തുടരുന്നതും നാക്കിന്റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസ് ഗ്രേഡ് ലഭിച്ചതും വിദേശത്തുനിന്നുള്ള അപേക്ഷകള്‍ വര്‍ധിക്കുന്നതിന് കാരണമായതായി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദുകമാര് പറഞ്ഞു.