ഷോള്‍ഡര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നൂതനവിദ്യയുമായി കാരിത്താസ് ആശുപത്രി
1432199
Friday, June 28, 2024 10:59 PM IST
കോട്ടയം: തോള്‍സന്ധി താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നൂതനമായ ആര്‍ത്രോസ്കോപ്പി അസിസ്റ്റഡ് ലോവര്‍ ട്രപീസീയസ് ട്രാന്‍സ്ഫര്‍ അവതരിപ്പിച്ച് കാരിത്താസ് ആശുപത്രി ഓര്‍ത്തോപീഡിക് വിഭാഗം. രണ്ടു വര്‍ഷമായ പരിക്കിനെത്തുടര്‍ന്ന് തോള് വേദന, ബലക്കുറവ് എന്നിവ മൂലമാണ് 50 വയസുകാരന് കാരിത്താസിലെത്തിയത്.
ഡോ. ആനന്ദ് കുമരോത്തിന്റെ വിദഗ്ധ പരിശോധനയില്‍ തോള്‍സന്ധിയിലെ മാംസപേശികള്‍ മുറിഞ്ഞുപോയതായും പേശികളുടെ നിലവാരം മോശമാണെന്നും കണ്ടെത്തി. താക്കോല്‍ദ്വാര ശസ്ത്രക്രിയവഴി നടത്തുന്ന റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ ടെക്നിക്ക് ഫലപ്രദമല്ലാത്തതിനാലാണ് ലോവര്‍ ട്രപീസിയസ് ട്രാന്‍സ്ഫര്‍ നിര്‍ദേശിച്ചത്.
തോള്‍പ്പലക, നട്ടെല്ലിന്റെ വശങ്ങള് എന്നിവിടങ്ങളിലുള്ള ഗപീസിയാസ് മാംസപേശിയുടെ ഒരു ഭാഗം എടുത്തശേഷം, കണങ്കാലില്‍നിന്ന് മറ്റൊരു മാംസപേശി ഗ്രാഫ്റ്റായി ബന്ധിപ്പിച്ച് നീളം കൂട്ടി ഷോള്‍ഡര്‍ ജോയിന്റില്‍ എത്തിച്ചശേഷം നഷ്ടമായ പേശികളുടെ ഭാഗം താക്കോല്‍ദ്വാര ടെക്നിക്ക് ഉപയോഗിച്ച് റിപ്പയര്‍ ചെയ്തു.
പുതിയ മാംസപേശി മൂന്നു മാസംകൊണ്ട് പ്രവര്‍ത്തനക്ഷമത കൈവരിക്കുമെന്നും ചിട്ടയായ ഫിസിയോതെറാപ്പി ആവശ്യമാണെന്നും ഡോ. ആനന്ദ് കുമരോത്ത് പറഞ്ഞു. താക്കോല്‍ദ്വാര ശസ്ത്രക്രിയാരംഗത്ത് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച കാരിത്താസിന്റെ നേട്ടം പരിക്കേറ്റ മാംസപേശി ചികിത്സയില്‍ പ്രതീക്ഷ നല്‍കുന്നതായി ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.