അമൃതം ഫുഡ് എക്സ്പോയുമായി വെള്ളാവൂര്‍ പഞ്ചായത്ത്
1432208
Friday, June 28, 2024 10:59 PM IST
കോട്ടയം: ജീവിതശൈലീ രോഗങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമൃതം ഫുഡ് എക്സ്പോയുമായി വെള്ളാവൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായാണ് ഹെല്‍ത്തി ഫുഡ് എക്സ്പോ സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ പത്തുമുതല്‍ രണ്ടുവരെ മണിമല കാര്‍ഡിനല്‍ പടിയറ പബ്ലിക് സ്കൂളിലാണ് ഭക്ഷ്യമേള ഒരുക്കുന്നത്. ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ഡയബറ്റോളജിസ്റ്റ് ഡോ. ടി.എം. ഗോപിനാഥപിള്ള ക്ലാസിന് നേതൃത്വം നല്‍കും. പങ്കെടുക്കുന്നവര്‍ക്കെല്ലാം ചെറുധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഉച്ചഭക്ഷണം നല്‍കും. ചെറുധാന്യങ്ങളുടെയും ധാന്യവിഭവങ്ങളുടെയും പ്രദര്‍ശനവും വില്പനയും ക്രമീകരിച്ചിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങളുണ്ടാകാതെയും നിയന്ത്രിച്ചും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന കരുതല്‍ 2024 പദ്ധതി സംസ്ഥാനത്തുതന്നെ മാതൃകയായാണ് വെള്ളാവൂര്‍ പഞ്ചായത്തില്‍ തുടക്കമിട്ടിട്ടുള്ളത്.
കരുതല്‍ പദ്ധതിയുടെ ഭാഗമായി വെള്ളാവൂര്‍ പഞ്ചായത്തിലെ എട്ട്, പത്ത് വാര്‍ഡുകളില്‍ പ്രായപൂര്‍ത്തിയായവരുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, യൂറിയ, ക്രിയാറ്റിന്‍ എന്നിവ പരിശോധിച്ച് ജീവിതശൈലിയിലുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും തുടര്‍ പരിശോധനകള്‍ നടത്തുകയും ചികിത്സ ആവശ്യമുള്ളവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ മുഴുവന്‍ വാര്‍ഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. ആരോഗ്യജീവിതത്തിനുതകുന്ന നാടന്‍ ഭക്ഷ്യവിഭവങ്ങളും മേളയിലുണ്ട്.
വെള്ളാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ മോഹന്‍, പഞ്ചായത്തംഗങ്ങളായ ടി.കെ. ഷിനിമോള്‍, കെ.കെ. ആനന്ദവല്ലി, റോസമ്മ കോയിപ്പുറം, ടി.ടി. അനൂപ്, സന്ധ്യ റെജി, ടി.എ. സിന്ധുമോള്‍, ബെന്‍സി ബൈജു, ബിനോദ് ജി. പിള്ള, പി. രാധാകൃഷ്ണന്, ആതിര വേണുഗോപാല്‍, ആര്. ജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. അരുണ്കൃഷ്ണ, സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാള്‍ട്ടെക്സ്, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് വി.കെ. മാലിനി എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത്, സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാള്‍ട്ടെക്സ്, സൊസൈറ്റി സെക്രട്ടറി ജോയി മുണ്ടാമ്പള്ളി, സക്കറിയ ഏബ്രഹാം ഞാവള്ളില്‍, ടി.കെ. ഷിനിമോള്‍, ബിനോദ് ജി. പിള്ള, ഡോ. ബി. അരുണ്‍ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.