കെപിപിഎലിൽ സ്ഥിരംനിയമനത്തിന് വ്യവസായ വകുപ്പിന്റെ ശിപാര്‍ശ
1432200
Friday, June 28, 2024 10:59 PM IST
കടുത്തുരുത്തി: വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎല്‍) ജീവനക്കാരുടെയും തൊഴിലാളികളുടെയും സ്ഥിരംനിയമനം നടപ്പാക്കാന്‍ വ്യവസായ വകുപ്പിന്റെ ശിപാര്‍ശ. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു കൊച്ചിയില്‍ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരപ്പെടുത്തല്‍ സംബന്ധിച്ചു തീരുമാനം എടുത്തിരുന്നു.
ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് കെപിപിഎല്‍ അധികൃതര്‍ വ്യവസായ വകുപ്പിനു കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് വ്യവസായ വകുപ്പ് സര്‍ക്കാരിലേക്ക് നല്‍കിയിട്ടുള്ളത്. ശിപാര്‍ശയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കുകയാണെങ്കില് 241 പേരുടെ നിയമനം സ്ഥിരപ്പെടും.
തൊഴിലാളികളുടെയും ജീവനക്കാരുടെയും സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചു സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ നല്കിയ റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള സ്കെയിലടക്കം ധാരണയായിട്ടുണ്ട്.
വ്യവസായ വകുപ്പ് നിയമിച്ച എച്ച്ആര്‍ കമ്മിറ്റി നടത്തിയ വിശദമായ പരിശോധനയിലൂടെയും വിലയിരുത്തലിലൂടെയുമാണ് കെപിപിഎല്‍ തുടങ്ങുന്ന സമയത്ത് കമ്പനിയില്‍ ജോലിയില്‍ നിയോഗിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയത്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഏഴുമാസം മുമ്പ് വ്യവസായ വകുപ്പ് തുടങ്ങിയിരുന്നു.
കാത്തിരിക്കുന്നത്
241 പേര്
കെപിപിഎല്‍ പ്രവര്‍ത്തനം തുടങ്ങിയ സമയത്ത് ഒമ്പതു മാസത്തിനകം സ്ഥിരനിയമനം നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി നടത്തിയ വാഗ്ദാനമാണ് രണ്ടര വര്‍ഷത്തിനിപ്പുറം പ്രാവര്‍ത്തികമാകുന്നത്. എച്ച്എന്‍എല്‍ ആയിരുന്ന സമയത്ത് ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെ 1,200 പേരാണു കമ്പനിയിലുണ്ടായിരുന്നത്. 2022 ജനുവരിയിലാണു പഴയ എച്ച്എന്‍എല്ലിലെ സ്ഥിരം ജീവനക്കാരെയും തൊഴിലാളികളെയും കെപിപിഎല്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചത്.
മൂന്നു മാസം വീതമുള്ള കരാര്‍ വ്യവസ്ഥയിലാണ് നിലവിലെ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതു കഴിഞ്ഞ രണ്ടര വര്‍ഷമായി പുതുക്കിപ്പോരുകയാണ്.
കഴിഞ്ഞ മേയ് മാസത്തില്‍ തുടങ്ങിയ മൂന്നുമാസ കരാര്‍ കാലാവധി അവസാനിക്കുന്ന ജൂലൈ 31നകം സ്ഥിര നിയമനം നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും തൊഴിലാളികളും. 44 ഓഫീസര്‍മാരും 197 തൊഴിലാളികളും ഉള്‍പ്പെടെ 241 പേരാണ് സ്ഥിരനിയമനം കാത്തിരിക്കുന്നത്.