അധ്യാപക കൂട്ടായ്മയിലെ ഭക്ഷ്യമേള ശ്രദ്ധേയമായി
1422944
Thursday, May 16, 2024 10:50 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ജിഎച്ച്എസ്എസിൽ നടക്കുന്ന യുപി വിഭാഗം അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിയുടെ ഭാഗമായി സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി.
നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അധ്യാപകർ സ്വയം വീട്ടിൽനിന്ന് തയാറാക്കിവന്ന 150 ഓളം വിഭവങ്ങൾ ഭക്ഷ്യമേളയുടെ തിളക്കംകൂട്ടി. പായ്ക്കറ്റ് ഭക്ഷണങ്ങളുടെ അമിത പ്രാധാന്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ പുതിയ തലമുറയിലേക്ക് ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനുള്ള സന്ദേശം നൽകുന്നതിനുവേണ്ടിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഈ വർഷം സ്കൂളുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തും.
കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുൽഫിക്കർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാടൻ, സെന്റ് മേരീസ് സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, ജനറൽ കൺവീനർ എസ്. രാഹുൽ എന്നിവർ പ്രസംഗിച്ചു.
ഭക്ഷ്യമേളയിലെ വിഭവങ്ങൾ യുപി വിഭാഗത്തിലെ 350ൽ പരം അധ്യാപകർക്കായി പങ്കുവയ്ക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥത്തിലാണ് സാമൂഹ്യശാസ്ത്ര അധ്യാപകർ.