വൻ തുകയ്ക്ക് ആളില്ല; ദേവസ്വം ബോർഡിൽ ലേലങ്ങൾ മുടങ്ങി
1477930
Sunday, November 10, 2024 5:38 AM IST
എരുമേലി: ശബരിമല സീസണിൽ ദേവസ്വം ബോർഡിന് വൻ തോതിൽ വരുമാനം ലഭിക്കുന്ന പാര്‍ക്കിംഗ്, ശൗചാലയങ്ങൾ, ചെണ്ടമേളം എന്നിവയുടെ ലേലം എരുമേലിയിൽ ഇതുവരെ നടന്നില്ല. അതേസമയം ദേവസ്വം ബോര്‍ഡിന്റെ ഒഴികെയുള്ള പാര്‍ക്കിംഗ്, ശൗചാലങ്ങള്‍ ഏതാണ്ട് പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു.
ലേലങ്ങൾ നടന്നില്ലെങ്കിലും പാര്‍ക്കിംഗ്, ശൗചാലയങ്ങൾ, ചെണ്ടമേളം എന്നിവയുടെ ഫീസ് നിരക്കുകൾ പ്രസിദ്ധപ്പെടുത്തി ബോർഡുകൾ ദേവസ്വം അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. ഈ നിരക്കുകളിൽ നിന്ന് കുറഞ്ഞ വരുമാനം മാത്രമാണ് ലഭിക്കുകയെന്നും എന്നാൽ, ലേലം പിടിക്കേണ്ടത് വൻ തുകയ്ക്കാണെന്നും കരാറുകാർ ആരോപിക്കുന്നു. വൻ തുക മൂലം ഇത്തവണ ലേലങ്ങളിൽ പങ്കെടുക്കാതെ പ്രധാന കരാറുകാർ വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ വര്‍ഷവും വൻ തുകയ്ക്കാണ് ലേലങ്ങൾ നടന്നത്. ഇത് ഒട്ടേറെ പരാതികള്‍ സൃഷ്ടിച്ചിരുന്നു.
ദേവസ്വം ബോര്‍ഡ് മൈതാനങ്ങളില്‍ കുത്തക ലേലം പിരിക്കുന്നതിനായി 47,96,285 രൂപയാണ് ദേവസ്വം ബോര്‍ഡ് അടിസ്ഥാന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ആലംമ്പള്ളി ശൗചാലയത്തിന് 49,88,037 രൂപയും വലിയ സ്റ്റേഡിയത്തിലെ ശൗചാലയത്തിന് 23,12,099 രൂപയും സ്കൂളിന് സമീപമുള്ള ശൗചാലയത്തിന് 9,50,250 രൂപയുമാണ് ദേവസ്വം ബോര്‍ഡ് അടിസ്ഥാന ലേല തുകയായി നിശ്ചയിച്ചിരിക്കുന്നത്.
ഉയർന്ന തുകയ്ക്ക് ലേലങ്ങൾ പിടിക്കുന്നവർ നഷ്ടം ഒഴിവാക്കാൻ പാർക്കിംഗ് ഫീസ്, ശൗചാലയങ്ങളുടെ ഫീസ്, ചെണ്ടമേളത്തിന്റെ ഫീസ് എന്നിവ അമിത നിരക്കിൽ ഈടാക്കാൻ നിർബന്ധിതരാവുകയാണ്. വൻ തുകയ്ക്ക് ലേലം ചെയ്യുകയും കുറഞ്ഞ നിരക്ക് ഈടാക്കണമെന്ന് നിബന്ധന വയ്ക്കുകയും ചെയ്യുന്ന ദേവസ്വം ബോർഡിന്റെ നിലപാടാണ് ഇത്തവണ ലേലങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ കാരണമെന്ന് കരാറുകാർ പറയുന്നു.
ശബരിമല തീർഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാന വിഭാഗങ്ങളുടെ ലേലം നടക്കാത്തതില്‍ ദേവസ്വം ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലാണ്.