അയർക്കുന്നം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ ആരംഭിക്കണമെന്ന്
1478007
Sunday, November 10, 2024 7:20 AM IST
അയർക്കുന്നം: അയർക്കുന്നം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎക്ക് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബിൽഡിംഗുകളും ഡോക്ടർമാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സും നിലവിൽ ആശുപത്രിയോടു ചേർന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുവദിച്ച നാലു കോടി രൂപ മുടക്കിയാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്.
സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും അധികൃതർ, രാത്രി ഡോക്ടർമാർ ഇല്ല എന്ന കാരണത്താൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മടക്കി വിടുന്നു. ഇത് സാധാരണക്കാരായ രോഗികൾക്ക് ദുരിതമാണ് സൃഷ്ടിക്കുന്നത്.
സാധാരണ നിലയിലുള്ള കിടത്തി ചികിത്സ ആവശ്യമുള്ള രോഗികൾക്കും അയർക്കുന്നം പ്രാഥമികകേന്ദ്രം ആശുപത്രിയുടെ പ്രയോജനം ലഭിക്കുന്നില്ല. അതിനാൽ എത്രയും വേഗം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്നാണ് അയർക്കുന്നം വികസനസമിതിയുടെ ആവശ്യം.