ജയ്ഹിന്ദ് ലൈബ്രറി അങ്കണത്തിൽ കെ.ആർ. നാരായണന്റെ പ്രതിമ ഉയരും
1477939
Sunday, November 10, 2024 5:48 AM IST
19-ാം വാർഷിക അനുസ്മരണത്തിൽ അറിയിപ്പെത്തി
കുറവിലങ്ങാട്: വിശ്വപൗരനായ ഡോ. കെ.ആർ. നാരായണന്റെ ഒരു പ്രതിമ ജന്മനാട്ടിൽ സ്ഥാപിച്ചു കാണണമെന്ന നാടിന്റെ ആഗ്രഹത്തിന് പച്ചക്കൊടി ലഭിച്ചത് 19-ാം അനുസ്മരണ വാർഷികത്തിൽ. ഇന്നലെ ഡോ. കെ.ആർ. നാരായണന്റെ അനുസ്മരണ വാർഷികത്തിലാണ് കെ.ആർ. നാരായണന്റെ അർധകായ പ്രതിമ ഉഴവൂർ ടൗണിലുള്ള ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി അങ്കണത്തിൽ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതിയെത്തിയത്.
സർക്കാർ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ പ്രതിമസ്ഥാപിക്കാൻ ഉടൻ നടപടികളാരംഭിക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി കെ.സി. ജോണി, വൈസ് പ്രസിഡന്റ് സൈമൺ പരപ്പനാട്ട്, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ ആൽപ്പാറയിൽ എന്നിവർ പറഞ്ഞു.
അഞ്ചു ലക്ഷം രൂപ നൽകിയിട്ടും സ്ഥലം ലഭിച്ചില്ല
ഡോ. കെ.ആർ. നാരായണന്റെ പ്രതിമസ്ഥാപിക്കാൻ അഞ്ച് ലക്ഷം രൂപ നൽകിയിട്ടും പ്രതിമസ്ഥാപിക്കൽ നടന്നില്ല. പൊതുസ്ഥലം ലഭ്യമാക്കുന്നതിൽ നേരിട്ട കാലതാമസത്തിലാണ് പ്രതിമ സ്ഥാപിക്കാൻ കഴിയാതെ വന്നത്. ഈ പ്രതിസന്ധി ബോധ്യപ്പെട്ട് ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി 2022 ഓഗസ്റ്റിൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി.
മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി, സംസ്ഥാന പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കാണ് ലൈബ്രറി കത്ത് നൽകിയത്.
കെ.ആർ. നാരായണന്റെ ജന്മശതാബ്ദി സ്മാരകമായി സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് രണ്ട് വർഷം മുൻപ് ഉഴവൂർ ടൗണിന് സമീപമുള്ള എട്ട് സെന്റ് സ്ഥലത്ത് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുകൂടിയായ ഡോ. സിന്ധുമോൾ ജേക്കബിന്റെ നേതൃത്വത്തിലുള്ള ലൈബ്രറി ഭരണസമിതി ബഹുനില മന്ദിരനിർമാണം നടത്തിയത്. ഇതേ ലൈബ്രറി അങ്കണത്തിലാണ് അർധകായ പ്രതിമയ്ക്ക് സ്ഥലമൊരുങ്ങുന്നതെന്നത് പ്രത്യേകതയാണ്.
പ്രതിമസ്ഥാപിക്കാൻ നടത്തിയത് പതിനഞ്ചിലേറെ ഉത്തരവുകളും നിർദേശങ്ങളും
ഡോ. കെ.ആർ. നാരായണന്റെ പ്രതിമ മാതൃപഞ്ചായത്തിൽ സ്ഥാപിക്കാനായി പരിശ്രമങ്ങൾ നീണ്ടത് പതിനഞ്ചിലേറെ ഉത്തരവുകളിലും നിർദേശങ്ങളിലും. കഴിഞ്ഞ നാല് വർഷത്തിനിടയിൽ തുടങ്ങിയതാണ് സർക്കാർ തലത്തിലുള്ള കത്തിടപടുകൾ.
2020 മേയ് അഞ്ചിന് തുടങ്ങിയ ആശയവിനിമയം വിജയം കാണാൻ പൊതുഭരണവകുപ്പും ജില്ലാ ഭരണകൂടവും നടത്തിയ കത്തുകളുടെ കണക്കാണിത്. ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ കത്ത് വിജയം കണ്ടത് ഇത്തവണത്തെ അനുസ്മരണ വാർഷികത്തിൽ പങ്കെടുത്തവർക്കെല്ലാം ഏറെ അഭിമാനമായി.