കത്തോലിക്ക കോണ്‍ഗ്രസ് മുനമ്പം ഐക്യദാര്‍ഢ്യ ദിനാചരണം ഇന്ന്
1478009
Sunday, November 10, 2024 7:20 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഹ്വാനപ്രകാരം ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഖഫ് അധിനിവേശത്തിന്റെ പേരില്‍ മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ യൂണിറ്റുകളിലും ഇന്ന് ഐക്യദാര്‍ഢ്യ ദിനാചരണം നടത്തും.
ദിനാചരണത്തിന്റെ ഭാഗമായി പ്രതിഷേധ സമ്മേളനങ്ങള്‍, റാലികള്‍, ഐക്യദാര്‍ഢ്യപ്രതിജ്ഞ, ഐക്യദാര്‍ഢ്യ ദീപംതെളിക്കല്‍, ജനപ്രതിനിധികള്‍ക്ക് നിവേദനം സമര്‍പ്പിക്കല്‍, സോഷ്യല്‍ മീഡിയ പ്രചാരണം തുടങ്ങിയവ സംഘടിപ്പിക്കും.
അതിരൂപത സമിതിയുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടല് നിർവഹിക്കും.
മുനമ്പം-ചെറായി പ്രദേശത്തെ ജനങ്ങളുടെ ഭൂമിയുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഏതൊരു ശ്രമവും ചെറുക്കാന്‍ ജനപ്രതിനിധികള്‍ തയാറാകുക, പ്രദേശത്തെ തര്‍ക്കഭൂമി വഖഫ് ഭൂമി അല്ല എന്ന 1960ലെ ഹൈക്കോടതി വിധിക്കെതിരായി നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പ്രസ്തുത പ്രദേശം വഖഫ് ഭൂമിയാണെന്ന കണ്ടെത്തല്‍ തള്ളിക്കളയാന്‍ നിയമസഭ തയാറാകുക,
ഏകപക്ഷീയമായി ഒരു ഭൂമി വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ച് പ്രസ്തുത ഭൂമിയെ കൈവശം വച്ചിരിക്കുന്നവരുടെ റവന്യു അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ വഖഫ് ട്രൈബുണലിനുള്ള അധികാരം എടുത്തുകളയത്തക്ക വിധത്തില്‍ വഖഫ് നിയമം ഭേദഗതി ചെയ്യുക എന്നിവ ഈ ഐക്യദാര്‍ഢ്യ ദിനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യങ്ങളായി ഉന്നയിക്കുന്നത്.
ഒപ്പുശേഖരണം
അതിരമ്പുഴ: മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇന്ന് സമ്മേളനവും ഒപ്പുശേഖരണവും നടത്തും.
രാവിലെ 7.45 ന് വിശുദ്ധ കുർബാന. തുടർന്ന് നടത്തുന്ന ഐക്യദാർഢ്യ സമ്മേളനവും ഒപ്പുശേഖരണവും വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് ആലഞ്ചേരി മാനാട്ട് അധ്യക്ഷത വഹിക്കും. ബേബി ജോസഫ് പാരപ്പടവിൽ, എം.എം. സെബാസ്റ്റ്യൻ മണ്ണഞ്ചേരിൽ എന്നിവർ പ്രസംഗിക്കും.