കരളിലെ അര്‍ബുദം : ചെത്തിപ്പുഴ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ 83കാരന് പുനര്ജന്മം
1478056
Sunday, November 10, 2024 7:32 AM IST
ചങ്ങനാശേരി: കരളില്‍ അര്‍ബുദം ബാധിച്ച 83 കാരന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഗാസ്ട്രോ സര്‍ജറി, ജനറല്‍ ആൻഡ് ലാപ്രോസ്കോപ്പിക് സര്‍ജറി വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്താല്‍ ശസ്ത്രക്രിയയിലൂടെ പുനർജന്മം.
ചെത്തിപ്പുഴ ആശുപത്രിയില്‍ നടന്ന വിശദമായ പരിശോധനയിലാണ് കരളിന്റെ ഇടത് ഭാഗത്ത് രക്തക്കുഴലുമായി ഒട്ടിച്ചേര്‍ന്ന് നില്ക്കുന്ന വിധത്തില്‍ അര്‍ബുദം കണ്ടെത്തിയത്. ഇതുനീക്കം ചെയ്യുക ശ്രമകരവും അമിത രക്തസ്രാവത്തിന്റെ അപകടസാധ്യത നിറഞ്ഞതുമായിരുന്നു.
രോഗിയുടെ പ്രായവും മുന്‍പ് ഹൃദ്രോഗബാധിതനായിരുന്നു എന്നതും ചികിത്സയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. അമിത രക്തസ്രാവത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത് ബ്ലഡ് ട്രാന്‍സ്ഫ്യൂഷനുള്ള സാധ്യതയും കൂടുതലായിരുന്നു.
ഗാസ്ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. മുരളി അപ്പുക്കുട്ടന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മണിക്കൂറുകള്‍ നീണ്ട അതിസങ്കീര്‍ണമായ ശാസ്ത്രക്രിയയിലൂടെ കരളിന്റെ ഇടതുഭാഗം അര്ബുദത്തോടുകൂടി പൂര്‍ണമായും നീക്കം ചെയ്തു. വിജയകരമായ സര്‍ജറിക്കുശേഷം സങ്കീര്‍ണതകളൊന്നുമില്ലാതെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രോഗി ആശുപത്രി വിട്ടു.
ഗാസ്ട്രോ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ ഗാസ്ട്രോ സര്‍ജനുമായ ഡോ. മുരളി അപ്പുക്കുട്ടന്, ലാപ്രോസ്കോപ്പിക് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപ്പിക്ക് സര്ജന് ഡോ. സുനില്‍ മാത്യൂസ് ജോസഫ്, സീനിയര്‍ ഇന്റര്‍വന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോജി ബോബന്, അനസ്തിഷ്യ വിഭാഗം മേധാവി ഡോ. കുക്കു ജോണ്‍, കണ്‍സള്‍ട്ടന്റ് അനസ്തെറ്റിസ്റ്റ് ഡോ. എസ്. മനു എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കുചേര്‍ന്നു.
ഇരുപത്തിനാല് മണിക്കൂറും എല്ലാത്തരം ശസ്ത്രക്രിയകള്‍ക്കും ആവശ്യമായ എട്ട്ഓപ്പറേഷന് തിയറ്ററുകള്‍ ഉള്‍പ്പെടുന്ന ഓപ്പറേഷന് തീയറ്റര്‍ സമുച്ചയമാണ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ലഭ്യമായിട്ടുള്ളതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു.