കനത്ത മഴയ്ക്കു സാധ്യത
1477923
Sunday, November 10, 2024 5:38 AM IST
കോട്ടയം: ഇന്നും നാളെയും ജില്ലയില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ചക്രവാതച്ചുഴി വരുംമണിക്കൂറുകളില്‍ ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി.
കിഴക്കന്‍ മലയോര മേഖലകളില്‍ വൈകുന്നേരങ്ങളില്‍ ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. 11 വരെ മഴ ശക്തമായി തുടരും.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള പെയ്ത്തിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ചിലയിടങ്ങളില്‍ വേഗമേറിയ കാറ്റിനും സാധ്യതയുണ്ട്. മലയോരങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
പുഴയും തോടും മുറിച്ചുകടക്കുന്നത് ഒഴിവാക്കുക, രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, വെള്ളച്ചാട്ടങ്ങളില്‍ വിനോദയാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.