താഴത്തങ്ങാടി ചാമ്പ്യന്‍സ് ബോട്ട് ലീഗ് : 16നു മാറ്റുരയ്ക്കുന്നത് 9 ചുണ്ടനുകള്‍
1478003
Sunday, November 10, 2024 7:20 AM IST
കോട്ടയം: താഴത്തങ്ങാടിയാറ്റില്‍ 16നു നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ നെഹ്റുട്രോഫി ജലോത്സവ വിജയികളായ ഒമ്പതു ചുണ്ടന് വള്ളങ്ങളും 15ലധികം ചെറുവള്ളങ്ങളും മത്സരിക്കും. സിബിഎല്‍ മത്സരത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വിനോദസഞ്ചാരവകുപ്പ് ഒരുക്കും. ചുണ്ടന് വള്ളങ്ങള്‍ക്കുള്ള സമ്മാനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുള്ള തുകയും വകുപ്പ് നല്‍കുമെന്ന് ബോട്ടു ലീഗുമായി ബന്ധപ്പെട്ട് ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ മന്ത്രി വി.എന്‍. വാസവന് അറിയിച്ചു.
വള്ളംകളി സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും യോഗം വിലയിരുത്തി. നദിയിലെ വള്ളംകളി ട്രാക്കിലും പാലങ്ങളിലും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങള്‍ നീക്കുന്നതിനു നടപടി സ്വീകരിച്ചതായി ഇറിഗേഷന്‍ വകുപ്പ് യോഗത്തെ അറിയിച്ചു. വള്ളംകളിക്കുള്ള പോലീസ് സുരക്ഷ വര്‍ധിപ്പിക്കും. 230 പോലീസുകാരെ ഇതിനായി നിയോഗിക്കും.
നാലു സ്പീഡ് ബോട്ടുകളും രണ്ടു മോട്ടോര്‍ ബോട്ടുകളിലുമായി പോലീസ് പട്രോളിംഗ് നടത്തും. സ്റ്റാര്‍ട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും കൂടുതല്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രി ജില്ലാ പോലീസ് ചീഫിനു നിര്‍ദേശം നല്കി. വള്ളംകളി ട്രാക്കിന്റെ ഭാഗത്ത് ചെറുവള്ളങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ട്രാക്കിനെ തടസപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കും. അഗ്നിരക്ഷാസേനയുടെ വിപുലമായ സേവനം ലഭ്യമാക്കും.
തീരത്തുനിന്ന് നദിയിലേക്ക് വളര്ന്നുനില്ക്കുന്ന മരശിഖരങ്ങളും ചെടികളും വെട്ടിയൊതുക്കാന്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. ചെറുവള്ളങ്ങളുടെ മത്സരം കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് സംഘടിപ്പിക്കുക. നിലവില്‍ 15 ചെറുവള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ചെറുവള്ളങ്ങളുടെ രജിസ്ട്രേഷന് 12ന് സമാപിക്കും. ചെറുവള്ളങ്ങള്‍ ട്രാക്ക് തെറ്റിച്ച് മത്സരിച്ചാല്‍ അയോഗ്യരാക്കും.
16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജലോത്സവം ആരംഭിക്കും. ചുണ്ടന്‍വള്ളങ്ങളുടെ മാസ്ഡ്രില്‍, കലാപരിപാടികള്‍ എന്നിവ നടക്കും. പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
മന്ത്രി വി.എന്‍. വാസവന് ചെയര്‍മാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വര്‍ക്കിംഗ് ചെയര്‍മാനും ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ കണ്‍വീനറുമായി സിബിഎല്‍ പ്രാദേശിക കമ്മിറ്റിയും രൂപീകരിച്ചു.