അമിതവിലയും ചൂഷണവും: പ്രതിഷേധ നാമജപ യാത്ര ഇന്ന്
1477933
Sunday, November 10, 2024 5:48 AM IST
എരുമേലി: അയ്യപ്പഭക്തർക്ക് പേട്ടതുള്ളൽ സാമഗ്രികൾ വിൽക്കുന്നതിന് എരുമേലിയിൽ താൽക്കാലിക കച്ചവടക്കാർ ആവശ്യപ്പെടുന്നത് അമിത നിരക്കെന്ന് ആക്ഷേപം. ഇത് ഉൾപ്പടെയുള്ള തീർഥാടക ചൂഷണത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തിന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ എരുമേലി ടൗണിൽ വലിയമ്പലം മുതൽ പേട്ടക്കവല വരെ പ്രതിഷേധ നാമജപ യാത്ര നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹി കെ.പി. ശശികല ഉദ്ഘാടനം ചെയ്യും.
ശബരിമലയിൽ തീരുമാനിച്ചതിനേക്കാൾ അഞ്ചിരിട്ടി തുകയ്ക്കാണ് എരുമേലിയിൽ താത്ക്കാലിക കച്ചവടക്കാർ പേട്ടതുള്ളൽ സാമഗ്രികൾക്ക് വില ആവശ്യപ്പെടുന്നതെന്നാണ് പരാതി. കഴിഞ്ഞയിടെ ജില്ലാ ഭരണകൂടം ഇടപെട്ട് പേട്ടതുള്ളല്‍ സാധനങ്ങളുടെ വില നിര്‍ണയിച്ച് ഏകീകരിക്കുന്നതിനായി മൂന്ന് തവണ വ്യാപാരികളും ഭക്തരുമായി ബന്ധപ്പെട്ട സംഘടന പ്രതിനിധികളുമായി ചര്‍ച്ചകൾ നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
പേട്ട തുള്ളല്‍ സാധനങ്ങളായ ശരക്കോൽ, കച്ച എന്നിവയ്ക്ക് പത്ത് രൂപ വില നിശ്ചയിക്കണമെന്ന് അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടപ്പോൾ 50 രൂപ വില വേണമെന്നാണ് താത്ക്കാലിക കച്ചവടക്കാർ യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതേതുടർന്ന് തർക്കങ്ങൾ മൂലം യോഗം അലസിപ്പിരിയുകയായിരുന്നു.
പാര്‍ക്കിംഗ് മൈതാനങ്ങള്‍, ശൗചാലയങ്ങള്‍, ഹോട്ടലുകള്‍ അടക്കം അമിത നിരക്കാണുള്ളത്. നിരോധിച്ച രാസ സിന്ദൂരത്തിന് പകരം ജൈവ സിന്ദൂരം ലഭ്യമാക്കിയിട്ടില്ലെന്നും പേട്ട തുള്ളല്‍ പാതയിലെ വാഹനഗതാഗതം ഒഴിവാക്കണമെന്നും ഫോട്ടോ സ്റ്റുഡിയോകളിലും നിരക്ക് തുക ഏകീകരിക്കണമെന്നും നടപ്പാതകളിലെ കച്ചവടം നിരോധിക്കണമെന്നും ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇന്ന് രാവിലെ നടക്കുന്ന പ്രതിഷേധ നാമജപ യാത്രയ്ക്ക് കർമ സമിതി ഭാരവാഹികളായ അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ഹിന്ദു ഐക്യവേദി ജില്ല സംഘടന സെക്രട്ടറി സി.ഡി. മുരളി, വിശ്വ ഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി മോഹനന് പനയ്ക്കല്‍, ജില്ല ജോയിന്റ് സെക്രട്ടറി മോഹനന് കുളത്തുങ്കല്‍ എന്നിവർ നേതൃത്വം നൽകും.