ഓർമകളിലെ പോരാട്ടം അയവിറക്കി ധീരജവാൻ ടി.കെ. മോഹനൻ
1549308
Saturday, May 10, 2025 12:15 AM IST
ചെങ്ങന്നൂർ: 1969ൽ ഇന്ത്യൻ ആർട്ടിലറിയിൽ ഹവിൽദാർ ആയി ചേർന്ന ചെങ്ങന്നൂർ കാരയ്ക്കാട് തുളസി സദനത്തിൽ ടി. കെ. മോഹനൻ, പരിശീലനത്തിനു ശേഷം പശ്ചിമബംഗാളിലേക്ക് നിയമിതനായി. 1970കളുടെ അവസാനത്തിൽ കിഴക്കൻ ബംഗാളിൽ ആഭ്യന്തര കലാപം കൊടുമ്പിരികൊണ്ട സമയം. പശ്ചിമ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധം പടിവാതിൽക്കലെത്തി നിൽക്കുകയായിരുന്നു-അദ്ദേഹം ഓർക്കുന്നു.
ഞങ്ങളുടെ റെജിമെന്റ് റോഡ് മാർഗം തുറ (ആസാം) വഴി യുദ്ധഭൂമിയിലേക്ക് നീങ്ങി. 1971 ഡിസംബറിലാണ് യുദ്ധം പ്രഖ്യാപിച്ചത്. കിഴക്കൻ പാകിസ്ഥാനിലെ പട്ടാളക്കാരെ പടിഞ്ഞാറോട്ടും പടിഞ്ഞാറൻ പാകിസ്ഥാനിലെ പട്ടാളക്കാരെ കിഴക്കോട്ടും അയച്ചാണ് അവർ ഇന്ത്യയുമായി യുദ്ധം തുടങ്ങിയത്. അന്നെനിക്ക് വെറും 22 വയസായിരുന്നു. റെജിമെൻ്റ് ധീരമായി പോരാടി മുന്നേറി ധാക്കയിൽ എത്തിച്ചേർന്നു. പിന്തിരിഞ്ഞോടിയ പാകിസ്ഥാൻ സൈന്യം വഴിയിലുള്ള പാലങ്ങളെല്ലാം തകർത്തിരുന്നു. ഒടുവിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും യുദ്ധം അവസാനിക്കുകയും ചെയ്തു.
ഈ ധീരതയ്ക്ക് അദ്ദേഹത്തിന് ഈസ്റ്റേൺ സ്റ്റാർ മെഡൽ ലഭിച്ചു. അങ്ങനെ ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചു. 1990-ൽ സർവീസിൽ നിന്ന് വിരമിച്ചു. ഭാസുരംഗിയാണ് ഭാര്യ. ഇദ്ദേഹത്തിന് രണ്ട് മക്കളാണ് ആതിര മോഹനും ആര്യ മോഹനും.
കാലം ഒരുപാട് മാറി. ഇന്ന് ഭീകരരെ ഇല്ലാതാക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ ഭാരതത്തിനുണ്ട്. അത് നിയന്ത്രിക്കാൻ കഴിവുള്ള സൈനികരും നമുക്കുണ്ട് എന്നദ്ദേഹം അഭിമാനത്തോടെ പറയുന്നു.