ഓൺലൈൻ തട്ടിപ്പ്: പ്രതികൾ തമ്മിലുള്ള ബന്ധത്തിനു തെളിവായി പണമിടപാടുകൾ
1549304
Saturday, May 10, 2025 12:15 AM IST
ആലപ്പുഴ: ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തയ്വാൻ സ്വദേശികൾ ഉൾപ്പെടെ നാലു പ്രതികൾക്ക് ഒരേ ക്രിപ്റ്റോ വാലറ്റിൽനിന്നു ക്രിപ്റ്റോ കറൻസി അയച്ചതായി കണ്ടെത്തി.
തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണത്തിന്റെ കമ്മീഷനാണ് ഇതെന്നാണു വിലയിരുത്തൽ. തമ്മിൽ പരിചയമില്ലെന്നും ഇടപാട് ഇല്ലെന്നും പറഞ്ഞിരുന്ന പ്രതികൾക്ക് ഒരേ ക്രിപ്റ്റോ വാലറ്റിൽനിന്നുള്ള പണം നിർണായക തെളിവാകും.
കേസിൽ ആദ്യം പിടിയിലായ രണ്ടു തയ്വാൻകാരും പ്രധാന പ്രതികളിൽ ഒരാളായ കർണാടക തുമാകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാൻ റാം ഡി.പട്ടേലും (22) തമ്മിൽ പരിചയമുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു.
എന്നാൽ പിന്നീട് അറസ്റ്റിലായ തയ്വാൻ സ്വദേശികളായ സുങ് മു ചീ (മാർക്ക്-42), ചാങ് ഹോ യൻ (മാർക്കോ-34) എന്നിവർ ഒപ്പം അറസ്റ്റിലായ ജാർഖണ്ഡ് സ്വദേശിയായ സെയ്ഫ് ഗുലാം ഹൈദറുമായോ (28) തട്ടിപ്പു കേസിലെ മറ്റുപ്രതികളുമായോ ബന്ധമുണ്ടെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നില്ല.
കേസിൽ തട്ടിയെടുത്ത പണം പിൻവലിച്ചവരെയും തട്ടിപ്പിനു സാങ്കേതിക സഹായം നൽകിയവരെയുമാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.