തൈക്കാട്ടുശേരി റൂട്ട് മറന്ന് കെഎസ്ആർടിസി; സർവീസ് നിലച്ചിട്ട് വർഷങ്ങൾ
1548735
Wednesday, May 7, 2025 11:52 PM IST
പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽനിന്നു എംഎൽഎ റോഡ് വഴിയുള്ള കെഎസ്ആർടിസി സർവീസുകൾ നിലച്ചിട്ട് വർഷങ്ങൾ കഴിയുന്നു.
തൈക്കാട്ടുശേരിയിൽനിന്നു രാവിലെ അഞ്ചിന് ആരംഭിച്ച് കോട്ടയം മെഡിക്കൽ കോളജ് വരെ ഉണ്ടായിരുന്ന കെഎസ്ആർടിസി സർവീസ് ഉൾപ്പെടെ നിരവധി ബസുകളാണ് സർവീസ് നിർത്തിയത്. കോവിഡ് കാലത്താണ് ഇതുവഴിയുള്ള സർവീസുകൾ നിർത്തിവച്ചത്.
എൻഎസ്എസ് കോളജ് വഴി തൃച്ചാറ്റുകുളം വരെ എത്തുന്ന എംഎൽഎ റോഡ് വഴി പോയിരുന്ന എല്ലാ സർവീസുകൾക്കും വളരെ നല്ല കളക്ഷൻ ലഭിച്ചിരുന്നു. പള്ളിപ്പുറത്തുള്ള ഇൻഫോപാർക്കിലും ഫുട്പാർക്കിലും 5000 ൽ അധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. ബസ് സർവീസുകൾ നിർത്തലാക്കിയതിനെത്തുടർന്ന് വാഹന സൗകര്യം ഇല്ല എന്ന കാരണത്താൽ ഇൻഫോപാർക്കിലെ ചില സ്ഥാപനങ്ങൾ കൊച്ചിയിലേക്ക് തിരികെ പോവുകയുണ്ടായി.
തുറവൂർ - തൈക്കാട്ടുശേരി പാലം തുറന്നാൽ തുറവൂരിൽനിന്നു തൈക്കാട്ടുശേരി വഴി ചേർത്തല വരെ പോകുന്ന സർവീസുകൾ ആരംഭിക്കുമെന്ന് അന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം ജലരേഖയാകുകയാണ്.
വിളക്കുമരം പാലം തുറന്നുകൊടുക്കുമ്പോൾ ചേർത്തലയിൽനിന്നു പള്ളിപ്പുറം തൈക്കാട്ടുശേരി മേഖലകളുമായി ബന്ധിപ്പിച്ച് പുതിയ സർവീസുകൾ ഉൾപ്പെടെ നിർത്തിവച്ച എല്ലാ സർവീസുകളും ആരംഭിച്ചിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് തൈക്കാട്ടുശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് പി. ശശികല, സെക്രട്ടറി വി.എൻ. ഷണ്മുഖൻ, കെ.പി. ഉദയപ്പൻ, പി.ആർ. വിജയ പ്രസാദ് എന്നിവർ പറഞ്ഞു.