ക്ലാസിക്കുകളും മെഗാഹിറ്റുകളും കോര്‍ത്തിണക്കി ഫിലിം ഫെസ്റ്റിവല്‍
1549012
Friday, May 9, 2025 12:08 AM IST
ആലപ്പുഴ: ഒരിക്കല്‍കൂടി തിയറ്ററില്‍ കാണണമെന്ന് കൊതിക്കുന്ന പഴയ ക്ലാസിക്, ഹിറ്റ് സിനിമകളുണ്ടോ നിങ്ങളുടെ ഓര്‍മകളുടെ വെള്ളിത്തിരയില്‍..എങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനമേളയിലേക്ക് വരൂ...പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയ ജനപ്രിയ സിനിമകള്‍ മുതല്‍ ലോകസിനിമയ്ക്ക് മലയാളം സമ്മാനിച്ച ക്ലാസിക് ചിത്രങ്ങള്‍ വരെയുള്ള അപൂര്വപ്രദര്ശനമാണ് എന്റെ കേരളത്തിലെ മിനി തിയറ്ററില്‍ ഒരുക്കിയിരിക്കുന്നത്.
ചെമ്മീനും കൊടിയേറ്റവും നിർമാല്യവും സ്വയംവരവും പെരുന്തച്ചനും പോലുള്ള മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകള്‍ മുതല്‍ ഗോഡ്ഫാദറും കിരീടവും പ്രാഞ്ചിയേട്ടനും വരെയുള്ള ജനപ്രിയ സിനിമകളുമുണ്ട് മിനി തിയറ്റര്‍ പ്രദര്‍ശനപ്പട്ടികയില്‍. സംസ്ഥാന ചലച്ചിത്രവികസന കോർപറേഷനാണ് (കെഎസ്എഫ്ഡിസി) ഇതാദ്യമായി എന്റെ കേരളം പ്രദര്‍ശനവിപണനമേളയില്‍ സിനിമപ്രേമികള്‍ക്കായി മിനി തിയറ്റര്‍ അനുഭവം ഒരുക്കിയത്.
21.5 അടി നീളവും 11.5 അടി ഉയരവുമുള്ള എൽഇഡി സ്ക്രീനും അത്യാധുനിക സൗണ്ട് സിസ്റ്റവും മികച്ച സാങ്കേതിക വിദ്യകളുമായി നിർമിച്ച താത്കാലിക മിനി തിയറ്ററിൽ ഒരേ സമയം 70ലധികം ആളുകൾക്ക് സിനിമ ആസ്വദിക്കാം. അന്തരിച്ച സംവിധായകൻ ഷാജി എൻ. കരുൺ അനുസ്മരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കുട്ടി സ്രാങ്ക് പ്രദർശിപ്പിച്ചു.
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ഒഴിമുറി, തനിയാവർത്തനം, ന്യൂസ് പേപ്പര്‍ ബോയ്, എലിപ്പത്തായം, അനുഭവങ്ങള്‍ പാളിച്ചകള്‍, കുമ്മാട്ടി, വൈശാലി, 1921, ഭൂതക്കണ്ണാടി, കാവ്യമേള, ബി 32 മുതല്‍ 44 വരെ, നിഷിദ്ധോ, നഖക്ഷതങ്ങള്‍ തുടങ്ങിയ ഒട്ടേറെ സിനിമകളാണ് മേയ് 12 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനമേളയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ദിവസവും നാലു സിനിമകൾ വീതമാണ് പ്രദർശനം.