ചിരട്ടയാണ് ഇപ്പോൾ താരം ദേവരാജൻ പൂച്ചാക്കൽ
1549020
Friday, May 9, 2025 12:08 AM IST
പൂച്ചാക്കൽ: തേങ്ങയെടുത്ത് കഴിഞ്ഞാൽ അടുപ്പിലേക്കും പറമ്പിലേക്കും ചിരട്ട വലിച്ചെറിഞ്ഞ കാലമൊക്കെ കഴിഞ്ഞു. വിലയുടെ കാര്യത്തിൽ ചിരട്ട ഇപ്പോൾ മുന്നിലാണ്. ചിരട്ട നമ്മളിൽനിന്നു കൈവിട്ടുപോകുന്ന ലക്ഷണമാണ് കാണുന്നത്. കാരണം ഇപ്പോൾ ചിരട്ടയ്ക്ക് പൊന്നും വിലയാണ്. ഒരു കിലോ ചിരട്ടയുടെ വില കേട്ടാൽ ഞെട്ടും. കിലോ 40 രൂപയ്ക്കാണ് മൊത്ത കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട സംഭരിക്കുന്നത്.
ഒരുകിലോ ചിരട്ടയ്ക്ക് നാട്ടിൻപുറത്തെ ആക്രിക്കടകളിൽ 20 രൂപ മുതൽ വില ലഭിക്കുന്നുണ്ട്. പാലക്കാട്ടുനിന്നു തമിഴ്നാട്ടിൽനിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ഇത് സംഭരിച്ച് കൊണ്ടുപോകുന്നത്. പൂച്ചാക്കൽ, അരൂക്കുറ്റി ഭാഗത്തെ ആക്രിക്കടകളിൽനിന്ന് ഒരുമാസം നാല് ലോഡ് ചിരട്ടവരെ കയറ്റി അയയ്ക്കുന്നുണ്ട്. തമിഴ്നാട്ടിൽ ചിരട്ടക്കരി ഉത്പാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്.
സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ഇത് ഒരു ഘടകമാണ്. ഇതിനു പുറമേ പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കാറുണ്ട്. കൗതുകവസ്തുവായി ഓൺലൈനിൽ വാങ്ങാൻ ലഭിക്കുന്ന പോളിഷ് ചെയ്ത രണ്ടു ചിരട്ടകൾക്ക് 500 രൂപയാണ് വില. ചിരട്ടയ്ക്ക് ഇത്രയും വില ആദ്യമായിട്ടാണെന്ന് 25 വർഷമായി തേങ്ങ, ചിരട്ട വിൽപ്പന നടത്തുന്ന പാണാവള്ളി സ്വദേശി ലോറൻസ് ചേട്ടൻ പറയുന്നു.