എടത്വ പള്ളി തിരുനാള്‍ ഇന്ന്
1548490
Wednesday, May 7, 2025 12:14 AM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഇന്നു നടക്കും. വൈകുന്നേരം നാലിന് വിശുദ്ധന്റെ അദ്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റും നടക്കും.
കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് ഇന്നത്തെ പ്രദക്ഷിണത്തിനു രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും. സഹദായുടെ ചെറിയ രൂപവും വഹിച്ചുള്ള ചെറിയ പ്രദക്ഷിണം ഇന്നലെ നടന്നു. കൊടിയേറ്റു മുതല്‍ പള്ളിയില്‍ വ്രതനിഷ്ഠയോടെ താമസിച്ചൊരുങ്ങിയ തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ് പ്രദക്ഷിണത്തിന് രൂപങ്ങളും കുരിശുകളും മുത്തുക്കുടകളും വഹിച്ചത്.
പ്രദക്ഷിണത്തിന് ഫാ. യോഹന്നാന് കട്ടത്തറ മുഖ്യകാര്‍മികനായി. രാജാക്കമംഗലം തുറയില്‍ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ പള്ളിയില്‍നിന്ന് അവകാശ നേര്‍ച്ചകളായ ഉപ്പ്, നല്ലമുളക്, മലര്, വലയില്‍ ചേര്‍ക്കാനുള്ള തലനൂല്‍ എന്നിവ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ കൈയില്‍നിന്ന് സ്വീകരിച്ച് രാത്രിയോടെ മടങ്ങി.
വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, അസി. വികാരിമാരായ ഫാ. കുര്യന് പുത്തന്‍പുര, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, ഫാ. ജോസഫ് വെമ്പേനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, കെ.എം. ജയിംസ് കളത്തൂര്‍, വിന്‍സന്റ് പഴയാറ്റില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ, റോബിന് ടി. കളങ്ങര, ജയിന് മാത്യു എന്നിവര്‍ നേതൃത്വം നല്കി.
ഇന്നു രാവിലെ 4.30 മുതല്‍ തമിഴിലും മലയാളത്തിലും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടക്കും. മൂന്നിന് തമിഴ് കുര്‍ബാനയ്ക്ക് തൂത്തുക്കുടി രൂപത മെത്രാന് ഡോ. സ്റ്റീഫന്‍ ആന്റണി പിള്ളൈ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വൈകുന്നേരം നാലിനാണ് തിരുനാള്‍പ്രദക്ഷിണം.
മൂന്നിന് വിശുദ്ധരൂപം ദേവാലയകവാടത്തില്‍ പ്രതിഷ്ഠിച്ചതോടെ തിരുനാളിന് തിരക്ക് തുടങ്ങിയിരുന്നു. നാളെ മുതല്‍ 14ന് എട്ടാമിടം വരെ നാട്ടുകാരുടെ തിരുനാളാണ്.