എടത്വ പള്ളിയില്‍ ദര്‍ശന സായൂജ്യമേകി തിരുനാള്‍ പ്രദക്ഷിണം
1548726
Wednesday, May 7, 2025 11:52 PM IST
തമിഴ് മക്കള്‍ മടങ്ങി, ഇനി നാട്ടുകാരുടെ തിരുനാള്‍
എടത്വ: ഭക്തിനിറവില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകി എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ അത്ഭുത തിരുസ്വരൂപവും വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണം നടന്നു. പ്രദക്ഷിണം തുടങ്ങുമ്പോള്‍ വഴികളെല്ലാം എടത്വ പള്ളിയെന്ന ലക്ഷ്യത്തിലേക്ക് നീളുകയായിരുന്നു.
ആണ്ട് വട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പുണ്യരൂപം പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ പള്ളിയങ്കണത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. ചെണ്ടയും ബാന്റുകളും ദ്രുതതാളം മീട്ടി. വൈദ്യുതദീപാലങ്കാരങ്ങളാല് അലംകൃതമായ പള്ളി അഭൗമതേജസില് ആറാടിനിന്നു. വിശുദ്ധന്റെ തിരുസ്വരൂപത്തില്‍ വെറ്റിലകളും പൂക്കളും വാരിയെറിഞ്ഞ് വിശ്വാസികള്‍ പ്രാര്‍ഥനാനിരതരായി. പാരീഷ് കമ്മിറ്റി അംഗങ്ങളും സ്പെഷല്‍ കമ്മിറ്റി അംഗങ്ങളും കൈവലയം തീര്‍ത്ത് തിരുസ്വരൂപത്തിനു സംരക്ഷണമേകി.
പള്ളിക്ക് പ്രദക്ഷിണം വച്ച വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപം ഏഴിന് ദേവാലയത്തിന്റെ പ്രധാന കവാടത്തിലെത്തിയപ്പോള്‍ പ്രത്യേക പ്രാര്ഥനാശുശ്രൂഷകളോടെ തിരുനാള്‍ പ്രദക്ഷിണത്തിനു സമാപനമായി. തമിഴ് മക്കള്‍ മടങ്ങിയതോടെ നാട്ടുകാരുടെ തിരുനാളിനു തുടക്കമായി. ഇനി കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് എത്തുക. 14നാണ് എട്ടാമിടം. അന്ന് വൈകുന്നേരം നാലിന് വിശുദ്ധ ഗീവര്‍ഗീസിന്റെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടിയിലേക്ക് നടക്കും. രാത്രി ഒന്‍പതിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുത തിരുസ്വരൂപം പ്രധാന നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിനു സമാപനമാവും.
എടത്വ പള്ളിയില്‍ ഇന്ന്
രാവിലെ 5.30ന് സപ്രാ, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് വെമ്പേനിക്കല്‍, 7.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് പുതുവീട്ടില്‍കളം, 10ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. മാത്യു താന്നിയത്ത്, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. സേവ്യര്‍ വെട്ടിത്താനം, 5.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. വര്‍ക്കി മണക്കളം. ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).