മില്ലുടമകൾ നെല്ല് സംഭരിച്ചില്ല, കൃഷി ഓഫീസറെ ഉപരോധിച്ചു
1548499
Wednesday, May 7, 2025 12:14 AM IST
മാന്നാർ: കൊയ്തെടുത്ത നെല്ല് ചാക്കിൽക്കെട്ടി സൂക്ഷിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. എന്നാൽ, ഇവ സംഭരിക്കാൻ മില്ലുടമകൾ എത്താത്തത് പ്രതിഷേധങ്ങൾക്കു കാരണമായി. നെല്ല് സംഭരിക്കാൻ മില്ലുടമകൾ എത്തുമെന്ന പ്രതീക്ഷയിൽ നെല്ല് ചാക്കിൽ നിറച്ച് കാത്തിരുന്ന കർഷകരോട് നെല്ല് വേണ്ടെന്ന് മില്ലുടമകൾ പറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലായി.
സംഭവമറിഞ്ഞ് എത്തിയ കൃഷി ഓഫീസറെ കർഷകർ ഉപരോധിച്ചു. അപ്പർകുട്ടനാടൻ മേഖലയിൽ മാന്നാർ കൃഷിഭവന്റെ കീഴിലുള്ള കുരട്ടിശേരി പുഞ്ചയിലെ വേഴത്താർ പാടശേഖരത്തിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. കൊയ്ത് പത്തുദിവസം കഴിഞ്ഞ നെല്ല് കിഴിവ് പറഞ്ഞ് എടുക്കാൻ മില്ലുടമകൾ തയാറാവുകയും വാഹനം എത്തുന്നതും പ്രതീക്ഷിച്ച് പുറത്തുനിന്ന് ചാക്ക് എത്തിച്ച്, നെല്ല് നിറച്ച് ബണ്ടിൽ തയാറാക്കി വയ്ക്കുകയും ചെയ്തു.
എന്നാൽ, വേഴത്താർ പാടശേഖരത്തിലെ കർഷരോട് ഇനി നെല്ല് വേണ്ടായെന്ന് മില്ലുടമകൾ അറിയിച്ചതോടെയാണ് കർഷകർ സംഘടിച്ചത്. വിവരം അറിഞ്ഞ് പരിശോധിക്കാൻ വന്ന മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാർ, അസി. കൃഷി ഓഫീസർ സുധീർ എന്നിവരെയാണ് കർഷകർ പാടശേഖരത്ത് ഉപരോധിച്ചത്. കർഷകരുമായി ചർച്ച നടത്തിയ കൃഷി ഓഫീസർ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് നെല്ല് സംഭരണത്തിനുവേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് കർഷകർ ഉപരോധം അവസാനിപ്പിച്ചത്.
അടുത്തദിവസങ്ങളിൽ നെല്ലുസംഭരണം നടന്നില്ലെങ്കിൽ നെല്ല് മുഴുവൻ പഞ്ചായത്തിലും കൃഷി ഓഫീസിലും എത്തിച്ച് പ്രതിഷേധിക്കുമെന്ന് കർഷകർ അറിയിച്ചു. ഇനിയും സംഭരണം നടന്നില്ലെങ്കിൽ തുടർച്ചയായ മഴയിൽ നെല്ല് നശിക്കാനും സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു. എത്രയും വേഗം നെല്ലുസംഭരണത്തിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് പാടശേഖരസമിതി ഭാരവാഹികളും കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് ബിജു ഇക്ബാൽ, സെക്രട്ടറി ഷുജാബുദ്ദീൻ എന്നിവരും ആവശ്യപ്പെട്ടു.